ബുധനാഴ്‌ച, ഡിസംബർ 30, 2009

ജനമാണ് രാജാവ് പ്രത്യേകിച്ചും യൂണിയനില്‍പ്പെട്ടവര്‍

പരാതി നല്‍കിയിട്ടും നടപടിയില്ല വിദേശമദ്യം 'നോക്കിനിന്നാലും' അട്ടിമറിക്കാര്‍ക്ക് കിക്ക്!

തിരുവനന്തപുരം: കൂലിക്ക് പുറമേ നോക്കുകൂലിയും അനധികൃത പിരിവും ഗുണ്ടാഫീസും. യൂണിയന്റെ പേരില്‍ ആവശ്യപ്പെടുന്ന തുക നല്‍കിയില്ലെങ്കില്‍ ലോഡുമായെത്തുന്ന ലോറികള്‍ ദിവസങ്ങളോളം ഗോഡൗണ്‍ വളപ്പില്‍ കാത്തുകിടക്കേണ്ടിവരും. ഡിസ്റ്റിലറി ഉടമ കമ്മീഷനും ലോറിക്കാര്‍ അനധികൃത പിരിവും നല്‍കാന്‍ തയ്യാറായാല്‍ മുന്‍ഗണനാക്രമം ലംഘിച്ച് ലോഡിറക്കി തിരികെ പോകാം.

നെടുമങ്ങാട് പഴകുറ്റിയില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ മൊത്തവിതരണ കേന്ദ്രത്തിലാണ് ഭരണകക്ഷി യൂണിയനില്‍പ്പെട്ട തൊഴിലാളി സംഘടനാപ്രവര്‍ത്തകര്‍ നിയമം കൈയിലെടുക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച അധികൃതര്‍ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിനും ഉന്നത അധികൃതര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടി ഫയലില്‍ ഒതുങ്ങിയതായി ആക്ഷേപമുണ്ട്.

ഭരണകക്ഷി യൂണിയനില്‍പ്പെട്ട മുപ്പതോളം തൊഴിലാളികളാണ് പഴകുറ്റിയിലെ ഗോഡൗണിലുള്ളത്. ഡിസ്റ്റിലറികളില്‍ നിന്നും എത്തിക്കുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം ബിവറേജസ്, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വില്‍പ്പനശാലകള്‍ക്കും ബാറുകള്‍ക്കും വിതരണം ചെയ്യുന്നത് ഇവിടെ നിന്നാണ്. ലോറികളില്‍ എത്തിക്കുന്ന മദ്യക്കുപ്പികള്‍ ഗോഡൗണില്‍ ഇറക്കി ഹോളോഗ്രാം പതിച്ചശേഷമാണ് വിതരണം ചെയ്യുന്നത്. ഇതിന്റെ കയറ്റിറക്ക് ചുമതലയാണ് തൊഴിലാളികള്‍ക്കുള്ളത്. നിയമപ്രകാരമുള്ള കൂലി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇതൊരിക്കലും പാലിക്കാറില്ലെന്ന് പരാതിയുണ്ട്. സംഘടനാ പിരിവിന്റെ പേരിലാണ് ലോറി ഡ്രൈവര്‍മാരില്‍ നിന്നും തുക ഈടാക്കുന്നത്. 250 നും ആയിരത്തിനും ഇടയ്ക്കുള്ള തുക ലോറി ജീവനക്കാരില്‍ നിന്നും തൊഴിലാളികള്‍ അനധികൃതമായി ഈടാക്കുന്നുണ്ട്. വിസമ്മതിക്കുന്നവരുടെ ലോഡ് ഇറക്കാന്‍ വൈകുന്നതിന് പുറമേ മദ്യക്കുപ്പികളും കെയ്‌സുകളും നശിപ്പിക്കുന്നതും പതിവാണ്. കയറ്റിറക്കിനിടെ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ കഴിച്ചുള്ള തുകയാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ ഡിസ്റ്റിലറികള്‍ക്ക് നല്‍കാറുള്ളത്. കമ്പനികള്‍ ഇത് ലോറി ജീവനക്കാരില്‍ നിന്നും ഈടാക്കും.

തൊഴിലാളികളുടെ എണ്ണം ആനുപാതികമായി വര്‍ധിപ്പിക്കാത്തതും പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നു. പുതുതായി തൊഴിലാളികളെ നിയമിക്കുമ്പോള്‍ മറ്റു യൂണിയനുകള്‍ക്ക് കൂടി പ്രാതിനിധ്യം നല്‍കേണ്ടിവരുമെന്നതാണ് ഇതിന് തടസ്സമാകുന്നത്. നിലവില്‍ ലോഡിറക്കുന്നതിന് രണ്ടാഴ്ചയോളം വൈകുന്നുണ്ട്. ലോഡ് ഇറക്കുന്നതിനുള്ള കൂലി കെ.എസ്.ബി.സി സ്വീകരിച്ച ശേഷമാണ് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നത്. എന്നാല്‍ ഈ തുക തൊഴിലാളികള്‍ നേരിട്ട് വാങ്ങുന്നതും പതിവാണ്. ലോറികള്‍ ഗോഡൗണില്‍ എത്തുമ്പോള്‍തന്നെ തൊഴിലാളികള്‍ തുക കൈപ്പറ്റും. ലോഡിറക്കുന്ന ദിവസംവരെ ഈ തുക സൂക്ഷിക്കാനാകും. ഇരുപത്തഞ്ചിലധികം ലോറികള്‍ ലോഡിറക്കുന്നതിനായി ഒരേസമയം ഗോഡൗണില്‍ കാത്തുകിടക്കാറുണ്ട്. ഒരു ലക്ഷത്തിലധികം തുക ഈ രീതിയില്‍ തൊഴിലാളികളുടെ കൈവശം അനധികൃതമായി ലഭിക്കാറുണ്ട്. ജീവനക്കാരുടെ അഭാവം നിമിത്തം തുക മുന്‍കൂട്ടി കൈപ്പറ്റാന്‍ കഴിയില്ലെന്നാണ് കെ.എസ്.ബി.സി അധികൃതരുടെ ഭാഷ്യം.

ഗോഡൗണിന്റെ മേല്‍നോട്ടത്തിന് എകൈ്‌സസ് ഉദ്യോഗസ്ഥരുണ്ടെങ്കിലും ഇവരും തൊഴിലാളികളെ നിയന്ത്രിക്കാറില്ലെന്നും പരാതിയുണ്ട്. ബിവറേജസ്, സിവില്‍ സപ്ലൈസ് ചില്ലറ വില്‍പ്പന ശാലകളിലേക്ക് കൃത്യസമയത്ത് ലോഡ് കയറ്റി അയയ്ക്കുന്നതിനും തൊഴിലാളികള്‍ വിഹിതം ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ക്രമക്കേടുകളെക്കുറിച്ച് രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് കെ.എസ്.ബി.സി എം.ഡി. ശങ്കര്‍ റെഡ്ഡി പറഞ്ഞു. ആരോപണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രാഥമികാന്വേഷണം നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.

ചൊവ്വാഴ്ച, ഡിസംബർ 08, 2009

സ്വാഭാവിക റബ്ബര്‍ എന്ന ബ്ലോഗിലെ പോസ്റ്റാണിത്.

നാട്ടറിവുകള്‍ ഗവേഷണ ശാലയിലേയ്ക്ക്

04-12-09 റബ്ബര്‍ കര്‍ഷക - ഗവേഷണ വിജ്ഞാന വ്യാപന മുഖാമുഖം
ആദ്യമായി ഇനോഗുറല്‍ സെക്ഷന്‍ ആണ്.


എന്റെ അവതരണത്തിലെ ഒരു ഭാഗം

ലാപ്‌ടോപ്പും ജി.പി.ആര്‍‌ .എസ് കണക്ഷനുമായി ചെന്ന ഒരു ചെറുകിട കര്‍ഷകന്‍ പ്രസ്തുത ഹാളില്‍ ലാപ്‌ടോപ്പ് ഉപയോഗിക്കുവാന്‍ പാടില്ല എന്നാണ് ജോയിന്റ് ഡയറക്ടര്‍ (എക്സ്‌ടെന്‍ഷന്‍) വേണുഗോപാല്‍ പറഞ്ഞത്. വേദിയുടെ സമീപത്ത് സ്ഥാപിച്ചിരുന്ന സ്പീക്കറില്‍ നിന്ന് ആഡിയോ റിക്കോര്‍ഡിംഗ്‍ിന് അപ്രകാരം എന്റെ അവസരം നഷ്ടപ്പെട്ടു. അതുകാരണം എന്റെ ലാപ്‌ടോപ്പ് ഏറ്റവും പുറകില്‍ സെറ്റ് ചെയ്യേണ്ടിവന്നു. എന്നിരുന്നാലും അവിടെ നടന്ന ചര്‍ച്ച എന്തായിരുന്നു എന്നതിന് തെളിവ് ഞാന്‍ മൊബൈലില്‍ റിക്കോര്‍ഡ് ചെയ്ത പതിനഞ്ചോളം ആഡിയോ ക്ലിപ്പുകളില്‍ ലഭ്യമാണ്.
പ്രസ്തുത സെമിനാറില്‍ പറയുന്ന നാട്ടറിവുകള്‍ ഗവേഷണശാലയിലേക്ക് കൈമാറപ്പെട്ടില്ല. മറിച്ച് പുതിയ നാനൂറ് വര്‍ഗത്തില്‍പ്പെട്ട ക്ലോണുകള്‍ , കീടനാശിനി, കുമിള്‍ നാശിനി, രാസവളം, കളനാശിനി എന്നിവയെപ്പറ്റി ഗവേഷകരുടെ വിശദീകരണമായിരുന്നു ഏറിയ പങ്കും. ചെലവു കുറഞ്ഞ ഇരുപത്തിനാലു മണിക്കൂര്‍കൊണ്ട് റബ്ബര്‍ ഷീറ്റുകള്‍ ഉണക്കിയെടുക്കുവാന്‍ കഴിയുന്ന യൂണിവേഴ്സല്‍ അഗ്രിക്കള്‍ച്ചറല്‍ ഡ്രയറിനെപ്പറ്റി ഞാന്‍ കൈമാറിയ ലേഖനം ഡോ. ഗണപതി അയ്യര്‍ പ്രസ്തുത പുകപ്പുര കണ്ടിട്ടുള്ളതാണെന്നും അത് നല്ല ഒരു ടെക്നോളജി ആണെന്നും പറയുകയുണ്ടായി. അവിടെ ഹാജരായ ശാസ്ത്രജ്ഞരില്‍ അല്പമെങ്കിലും നീതി പുലര്‍ത്തിയത് അദ്ദേഹം മാത്രമായിരുന്നു. എന്നാല്‍ ഞാന്‍ നിര്‍മ്മിച്ച പുകപ്പുരയുടെ പ്രവര്‍ത്തനം കര്‍ഷകരുടെ മുന്നില്‍ അവതരിപ്പിക്കുവാന്‍ അവസരം നല്‍കുകയാണ് ചെയ്യേണ്ടിയിരുന്നത്. പല റീജണല്‍ ഓഫീസുകളില്‍ നിന്നും വന്ന ഇന്നൊവേറ്റീവായിട്ടുള്ള കര്‍ഷകര്‍ക്ക് ശാസ്ത്രജ്ഞരുടെ നീണ്ട പ്രസംഗങ്ങള്‍ കാരണം അവതരണത്തിന് അവസരം ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ഒരു വിഭാഗം ടെക്നിക്കല്‍ ഉദ്യോഗസ്ഥര്‍ കരിങ്കൊടി കുത്തി വന്നത് പ്രതിഷേധ സൂചകമായിട്ടായിരുന്നു. അവര്‍ വിതരണം ചെയ്ത ലേഖനവും എന്റെ പക്കല്‍ ഉണ്ട്.

റബ്ബര്‍ തൈകള്‍ക്ക് നല്‍കുന്ന 10:10:4:1.5 എന്ന കൂട്ടുവളപ്രയോഗം തെറ്റാണ് എന്നത് എന്റെ ഒരവതരണമായിരുന്നു. ഞാന്‍ ഉന്നയിച്ച എന്‍ (N) എന്ന രാസ വളത്തോടൊപ്പം മഗ്നീഷ്യം നല്‍കാന്‍ പാടില്ല എന്നതും മഗ്നീഷ്യം നല്‍കേണ്ടത് ക്ഷാരസ്വഭാവമുള്ള മണ്ണില്‍ അല്ലെങ്കില്‍ കുമ്മായമുപയോഗിച്ച് മണ്ണിനെ ക്ഷാര സ്വഭാവമുള്ളതാക്കി മാറ്റിയശേഷം മാത്രമേ മഗ്നീഷ്യം സര്‍ഫേറ്റ് നല്‍കാവൂ എന്നതും അതിന് ശേഷം മാത്രമേ എന്‍പികെ നല്‍കാവൂ എന്നതിനും ശരിയായ മറുപടി അല്ല ലഭിച്ചത്. യൂറിയയോടൊപ്പം മഗ്നീഷ്യം കലര്‍ത്തി വെയ്കാന്‍ പാടില്ല എന്നും കൂട്ടിക്കലര്‍ത്തി അതേ ദിവസം തന്നെ മണ്ണില്‍ അപ്ലൈ ചെയ്യണമെന്നും ആണ് നിര്‍ദ്ദേശിച്ചത്. ഇത് ഒരു തെറ്റായ നടപടി ആണ് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. യൂറിയായുടെ അമിതമായ ഉപയോഗം കാരണം സോയില്‍ pH 4.5 അടുപ്പിച്ച് ആയാല്‍ മരത്തിന് മൂലകങ്ങള്‍ വലിച്ചെടുക്കുവാനുള്ള ശേഷി നശിക്കും എന്നതിനും ശരിയായ മറുപടി അല്ല ലഭിച്ചത്.

പട്ടമരപ്പ് ഒരു രോഗമല്ല എന്ന് ശാസ്ത്രജ്ഞരല്ല പറയുന്നത് ശാസ്ത്രജ്ഞര്‍ക്കുപകരം ശ്രീ വേണുഗോപാല്‍ ആണ് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. (അത് മുകളില്‍ കൊടുത്തിട്ടുള്ള ആഡിയോ ക്ലിപ്പില്‍ ലഭ്യമാണ്) നെക്രോസിസ് എന്നത് രോഗമാണെന്ന് സമ്മതിക്കുന്ന ശാസ്ത്രജ്ഞന്‍ പട്ടമരപ്പിന് അതൊരു ഭാഗം മാത്രമാണ് എന്നെങ്കിലും സമ്മതിച്ചു.

ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിച്ച കളനാശിനികളുടെ മൂന്നിനത്തില്‍ ശ്രദ്ധേയമായത് റൗണ്ടപ്പ് തന്നെയായിരുന്നു. ഞാന്‍ ജൈവകൃഷി അവലംബിക്കുകയും കളകളെ നിയന്ത്രിക്കുവാന്‍ പശുക്കളെത്തീറ്റുകയും ചെയ്യുന്നു എന്നത് നാട്ടറിവായി അംഗീകരിക്കാന്‍ പോലും ശാസ്ത്രജ്ഞര്‍ തയ്യാറല്ല. പ്രസ്തുത കളനാശിനി പാരിസ്ഥിതിക പ്രശ്നത്തിന് കാരണമാകുമെന്നും മനുഷ്യന്റെ ആരോഗ്യത്തെ അത് ബാധിക്കും എന്ന് പറഞ്ഞത് അംഗീകരിക്കാന്‍ പോലും തയ്യാറായില്ല. ഞാന്‍ ചോദിച്ച ഒരു കാര്യം റൗണ്ടപ്പ് മണ്ണിരകളെ എങ്ങിനെ ബാധിക്കും എന്നതാണ്. അതിനുള്ള മറുപടി ഒരുമാസം എണ്ണിരകളെ അത് ബാധിക്കും അതിന് ശേഷം പുനര്‍ജ്ജനിക്കും എന്നാണ്. (ശ്രീ യേശുനാഥനെ സ്മരിക്കാതിരിക്കാന്‍ കഴിയില്ല).

ബാര്‍ക്ക് ഐലന്റ് എന്നത് വെട്ടിത്തുടങ്ങിയ ഭാഗത്തിന് മുകളില്‍ മാത്രമല്ല ചുറ്റിലും ഉണ്ടാവുന്നു എന്നതും, ലാറ്റെക്സിന്റെ ഫ്ലോ ഏത് ദിശയിലേക്കാണ് എന്നതും നേരിട്ട് എന്നോട് സംസാരിക്കാം എന്ന മറുപടിയാണ് ലഭിച്ചത്. ഡ്രയിനേജ് ഏരിയ രണ്ടടി താഴേക്കും ഒരടി മുകളിലേക്കും ആണെന്ന വിശദീകരണം ശരിയാണോ എന്ന് പുതു തലമുറയിലെ ശാസ്ത്രജ്ഞര്‍ ചിന്തിക്കട്ടെ. എന്റെ അഭിപ്രായത്തില്‍ ഫ്ലോയം താഴേക്കും പാല്‍ക്കുഴലുകള്‍ മുകളിലേക്കും ആണ് ഒഴുകുന്നത് എന്നാണ്. വെട്ടുപട്ടയില്‍ എഥിഫോണ്‍ പുട്ടിയാല്‍ കീഴ്പോട്ടുള്ള ഭാഗത്തുമാത്രമേ കറയുടെ കട്ടി കുറയുകയുള്ളു. മുകള്‍ ഭാഗത്തെ കറയുടെ കട്ടി കുറയുകയില്ല.

എന്റെ ചില സംശയങ്ങള്‍ - ചുറ്റിലും കാണപ്പെടുന്ന ബാര്‍ക്ക് ഐലന്റും പാലൊഴുക്കിന്റെ ദിശയും. അതിന് മറുപടി തരാന്‍ സമയം ഇല്ല എന്ന വിശദീകരണം കേള്‍ക്കാം.


എഥിഫോണ്‍ ഉപയോഗിച്ച് ടാപ്പിംഗ് ദിനങ്ങളുടെ എണ്ണം കുറക്കാം വിളവൊട്ടും കുറയാതെ എന്ന വിഭാഗത്തില്‍പ്പെടുന്ന ഒരു യുവ കര്‍ഷകന്‍ തന്റെ രണ്ടു വര്‍ഷത്തെ നേട്ടം അവതരിപ്പിക്കുകയുണ്ടായി. പട്ടമരപ്പ് ദൃശ്യമായ മരങ്ങളുടെ എണ്ണവും പ്രസ്തുത കര്‍ഷകന്‍ വെളിപ്പെടുത്തുകയുണ്ടായി. എന്റെ വിസിറ്റിംഗ് കാര്‍ഡ് അയാള്‍ക്ക് കൈമാറിയിട്ടുണ്ട് എന്തിനെന്നാല്‍ രണ്ടു വര്‍ഷത്തിനുശേഷം എന്നെ ബന്ധപ്പെടുവാന്‍. ആ വ്യക്തി എന്നെ നേരിട്ട് ബന്ധപ്പെടുകയുണ്ടായി. അയാളോട് ഞാന്‍ പറഞ്ഞത് എത്തിഫോണ്‍ ഉപയോഗിച്ചാല്‍ ഉല്പാദന വര്‍ദ്ധനയുണ്ടാകും എന്നാല്‍ പല്‍ക്കുഴലുകള്‍ക്കുള്ളിലെ പ്രവര്‍ത്തനം പട്ടമരപ്പിന് കാരണമാകും. മുന്നൂറ്റി മുപ്പത്തിനാല് മരങ്ങളില്‍ അറുപത്തിയഞ്ചെണ്ണത്തിന് ഇപ്രകാരം പട്ടമരപ്പ് വന്ന അനുഭവം എനിക്കുണ്ട് എന്നാണ്. ആ നിമിഷം തന്നെ അയാളുടെ മുഖഭാവം ശ്രദ്ധിക്കേണ്ടതു തന്നെ ആയിരുന്നു.

ചോദിക്കുവാന്‍ അവസരം ലഭിക്കാത്തതിനാല്‍ ഞാന്‍ എഴുതി നല്‍കിയ ഒരു ചോദ്യമുണ്ടായിരുന്നു. ജനിതകമാറ്റം വരുത്തിയ റബ്ബര്‍കൃഷിയുടെ പരീക്ഷണ നിരീക്ഷണങ്ങളെക്കുറിച്ചായിരുന്നു. മറ്റെല്ലാ ചോദ്യങ്ങള്‍ക്കും മറുപടി ലഭിച്ചിട്ടും അതിന് മാത്രം മറുപടി ലഭിക്കാതായപ്പോള്‍ മറുപടി ആവശ്യപ്പെട്ടുകൊണ്ട് ഒരിക്കല്‍ക്കൂടി കത്ത് നല്‍കി. അതിന്റെ ഫലമായി തുണ്ട് ജോയിന്റ് ആര്‍പിസി വേണുഗോപാലിന്റെ കൈകളിലെത്തുകയും പ്രസ്തുത കുറിപ്പ് ദേഷ്യത്തില്‍ കമഴ്ത്തി മേശമേല്‍ വെയ്ക്കുകയുമാണുണ്ടായത്. റബ്ബര്‍ ബോര്‍ഡ് പരീക്ഷിക്കുന്ന ജനിതകമാറ്റം വരുത്തിയ വിള പരീക്ഷണം റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ ആക്ട് പ്രകാരം പത്തുരൂപയുടെ പോസ്റ്റല്‍ ഓര്‍ഡര്‍ സഹിതം അപേക്ഷിച്ചാലേ ലഭിക്കുകയുള്ളോ? ടാപ്പ് ചെയ്യുമ്പോള്‍ ടാപ്പര്‍ക്ക് അലര്‍ജി അനുഭവപ്പെടുന്നെങ്കില്‍ ആ പാവം ടാപ്പര്‍ അറിയേണ്ടതല്ലെ ഈ വിള ജനിതകമാറ്റം വരുത്തിയതാണ് എന്ന്.

ചുരുക്കിപ്പറഞ്ഞാല്‍ റബ്ബര്‍ കൃഷിയിലെ പാളിച്ചകള്‍ തിരുത്തുവാന്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എന്‍ജിഓകള്‍ ഇടപെടണം. ഇല്ലെങ്കില്‍ ഭാവിയില്‍ നമ്മുടെ കൃഷിയിടങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞെന്ന് വരില്ല.

ഞായറാഴ്‌ച, ഡിസംബർ 06, 2009

ഡോ. ബ്രിജേഷ് നായര്‍ കേരളഫാര്‍മറുമായി സംസാരിക്കുന്നു

ഡോ. ബ്രിജേഷ് അമേരിക്കയിലെ അരിസോണ എന്ന സ്ഥലത്ത് ജോലി ചെയ്യുന്നു. ഹ്രസ്വകാല സന്ദര്‍ശനത്തിനായി നാട്ടില്‍ വന്നതാണ്. തിരക്കിനിടയിലും കേരളഫാര്‍മറോടൊപ്പം അല്പസമയം ചെലവഴിക്കുകയുണ്ടായി. അത് ബൂലോഗവുമായി പങ്കുവെയ്ക്കുന്നു.

ബ്രിജേഷ് നായരുടെ ഇന്റെര്‍വ്യൂവിന്റെ രണ്ടാം ഭാഗം

ബ്രിജേഷ് നായരുടെ ഇന്റെര്‍വ്യൂവിന്റെ മൂന്നാം ഭാഗം (നീളം കൂടിപ്പോയതുകാരണം ഇരുപത് ശതമാനം മാത്രം)

ബ്രിജേഷ് നായരുടെ ഇന്റെര്‍വ്യൂവിന്റെ നാലാം ഭാഗം

ചൊവ്വാഴ്ച, ഡിസംബർ 01, 2009

നോക്കുകൂലി ഇല്ല എന്നു പറയുവാന്‍ ഇനിയുമുണ്ടല്ലോ യൂണിയനുകള്‍

ഇനി നോക്കുകൂലിയില്ല: സിഐടിയു
പത്തനംതിട്ട: ഇനി നോക്കുകൂലി വാങ്ങേണ്ടതില്ലെന്ന് ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനം തീരുമാനിച്ചു. പല മേഖലയിലും തൊഴില്‍ നഷ്ടമുണ്ടാകുന്നതുകൊണ്ടാണു നോക്കുകൂലി ആവശ്യപ്പെട്ടിരുന്നത്. തൊഴില്‍ നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. ഇല്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ സമാപിച്ച സമ്മേളനത്തില്‍ നോക്കുകൂലി പ്രധാന ചര്‍ച്ചാവിഷയമായി. ഈ സമ്മേളനത്തോടെ നോക്കുകൂലി അവസാനിപ്പിക്കുമെന്നു നേതാക്കള്‍ നേരത്തെ പറഞ്ഞിരുന്നു.

സംസ്ഥാന സമ്മേളനത്തിന്റെ സമാപനയോഗം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണെന്ന് കോടിയേരി പറഞ്ഞു. കോര്‍പറേറ്റ് സ്ഥാപനങ്ങളെ കേന്ദ്രസര്‍ക്കാര്‍ വഴിവിട്ടു സഹായിക്കുകയാണ്. പഞ്ചസാരയ്ക്കു വില വര്‍ധിപ്പിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ പണം നല്‍കി സഹായിച്ച പഞ്ചസാര മുതലാളിമാര്‍ക്കുവേണ്ടിയാണ്.

കേരളത്തിലെ കോണ്‍ഗ്രസുകാരുടെ തലയ്ക്കു മത്തുപിടിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ വിലക്കയറ്റം. കേരളത്തില്‍ പട്ടിണി മരണങ്ങള്‍ ഉണ്ടാകാത്തത് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍കൊണ്ടാണ്. എന്നാല്‍ അവിഹിതമായ ആനുകൂല്യങ്ങള്‍ കൈപ്പറ്റി മാധ്യമങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ വെള്ള പൂശുകയാണ്. കള്ളന്‍മാരെ പിടിക്കുന്നില്ല എന്നതാണ് ആഭ്യന്തര വകുപ്പിനെതിരെയുള്ള പുതിയ ആരോപണം. രാഷ്ട്രപതിയുടെ വീട്ടില്‍ കയറിയ കള്ളനെ പിടിക്കാത്തതിനെക്കുറിച്ച് ഒരു മാധ്യമത്തിനും അറിയേണ്ടേയെന്നു കോടിയേരി ചോദിച്ചു.

പ്രസിഡന്റ് കെ. എം. സുധാകരന്‍, സെക്രട്ടറി പി. ടി. രാജന്‍, ട്രഷറര്‍ കാട്ടാക്കട ശശി, എംഎല്‍എമാരായ കെ. സി. രാജഗോപാല്‍, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച പ്രകടനത്തോടെയാണ് സമാപന സമ്മേളനം തുടങ്ങിയത്. സംസ്ഥാന പ്രസിഡന്റായി കെ. എം. സുധാകരനെയും സെക്രട്ടറിയായി പി. ടി. രാജനെയും വീണ്ടും തിരഞ്ഞെടുത്തു.
കടപ്പാട് - മനോരമ