തിങ്കളാഴ്‌ച, ഏപ്രിൽ 06, 2009

ചെയ്യാത്ത ജോലിക്ക് കൂലികൊടുക്കണോ?

നോക്കുകൂലി: സിഐടിയുക്കാര്‍ സൈനികന്റെ വീട് ആക്രമിച്ചു
മണ്ണഞ്ചേരി: ഒന്നര വര്‍ഷം മുന്‍പ് ടൈലുകള്‍ ഇറക്കിയതിനു നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു പ്രവര്‍ത്തകര്‍ സൈനികന്റെ വീട് ആക്രമിച്ചു. അക്രമികള്‍ സഹോദരനെയും തൊഴിലാളികളെയും മര്‍ദിക്കുകയും സ്ത്രീകളെ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഉത്തരാഞ്ചലില്‍ ജോലി നോക്കുന്ന സൈനികന്‍ പുത്തന്‍ചന്ത ഇടനാവീട്ടില്‍ ദിലീപ് നിര്‍മിക്കുന്ന വീട്ടില്‍ ഇന്നലെ രാവിലെയായിരുന്നു ആക്രമണം.

ദിലീപിന്റെ സഹോദരനും സിഐടിയു ചെത്തുതൊഴിലാളിയുമായ ജയചന്ദ് മുഹമ്മ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയിലാണ്.ദിലീപിന്റെ വീടിന്റെ നിര്‍മാണം ആരംഭിച്ചിട്ട് ഒന്നര വര്‍ഷമായി. അടുത്ത ദിവസം ഗൃഹപ്രവേശം നടത്താനുള്ള തയാറെടുപ്പിലാണ്. ഇവിടേക്ക് ആവശ്യമായ ടൈലുകള്‍ ഇറക്കിയത് ദിലീപും ജയചന്ദും ചേര്‍ന്നായിരുന്നു. കഴിഞ്ഞ ദിവസവും ടൈലുകള്‍ എത്തിച്ചിരുന്നു. ഇതറിഞ്ഞെത്തിയ സിഐടിയുക്കാര്‍ ഒന്നര വര്‍ഷം മുന്‍പ് ടൈലുകള്‍ ഇറക്കിയതിനടക്കം 4000 രൂപ നോക്കുകൂലി ആവശ്യപ്പെടുകയായിരുന്നത്രേ.

കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയ സംഘം നോക്കുകൂലി നല്‍കാതെ പണിക്ക് ആളെ നിര്‍ത്തരുതെന്നു മുന്നറിയിപ്പു നല്‍കിയിരുന്നു. ഇത് അവഗണിച്ചു ജോലിക്കെത്തിയ തൊഴിലാളി തുമ്പോളി സ്വദേശി ആന്റണിക്കും മര്‍ദനമേറ്റു. വീടിനുള്ളില്‍ കടന്നു സിഐടിയു സംഘം ആക്രമണം തുടങ്ങിയ ഉടന്‍ ആന്റണി ഓടി രക്ഷപ്പെടുകയായിരുന്നു. 15 അംഗ സംഘമാണ് ആക്രമണം നടത്തിയതെന്നു ദിലീപ് ആലപ്പുഴ നോര്‍ത്ത് പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
കടപ്പാട്- മനോരമ 6-04-09