ഞായറാഴ്‌ച, ജൂൺ 07, 2009

കേരളമുഖ്യനും സുകുമാര്‍ അഴിക്കോടും

ഒരു സംസ്ഥാന മുഖ്യമന്ത്രിയെ പല വേഷങ്ങള്‍ കെട്ടിക്കുന്നതില്‍ പ്രസിദ്ധമാധ്യമങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്. അതിന്റെ സമീപകാല ഉദാഹരണമാണല്ലോ മുഖ്യന്റെ പാര്‍ലമെന്റ് ഇലക്ഷന് ശേഷമുള്ള ചിരിയും സുകുമാര്‍ അഴിക്കോടിന്റെ വിശകലനവും പത്രത്താളുകളില്‍ നിറഞ്ഞു നിന്നത്.
എന്നാല്‍ ഇത്രത്തോളം ഊതിപ്പെരുപ്പിക്കേണ്ട ഒരു വിഷയമായിരുന്നോ ഇത്. ചിരിക്കുന്നതിന് പകരം കരയണമായിരുന്നോ എന്നൊരു സംശയം തോന്നിപ്പോകുന്നു. ചിരിച്ചതിനെന്തെല്ലാം വിമര്‍ശനങ്ങള്‍ എന്തെല്ലാം വിശകലനങ്ങള്‍. ശതാഭിഷേകം കഴിഞ്ഞ അഴിക്കോട് ശശിതരൂരിനൊപ്പം വേദി പങ്കിടുകയും പ്ര്‍ലമെന്റ് ഇലക്ഷന്‍ സമയത്ത് തരൂരിനെതിരേ ഇല്ലാത്ത അപവാദങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഫലമോ ജനങ്ങള്‍ക്കതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല പ്രതീക്ഷിക്കാത്ത ഭൂരിപക്ഷവുമായി തരൂര്‍ വിജയിച്ചു. ഇപ്പോഴിതാ പരിഹാസ രൂപത്തില്‍ കേരള മുഖ്യമന്ത്രിയെ വിമര്‍ശിച്ചുകൊണ്ടും കളിയാക്കിക്കൊണ്ടും പത്രപ്രസ്താവനകള്‍ ഇറക്കുന്നു. ദിവസവും ലഭിക്കുന്ന പത്രത്താളുകളില്‍ പലതും ഇതേവിഷയവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ്. അതുകാരണം സംഭവിക്കുന്നതോ സുപ്രധാനമായ പല വിഷയങ്ങളും പരിഗണനയില്‍ വരാതെ പോയെന്നു വരാം.
വായനക്കാരെ തൃപ്തിപ്പെടുത്താനാമെങ്കില്‍ കിട്ടുന്ന വിഷയത്തെ ഊതിപ്പെരുപ്പിക്കുന്നതിനേക്കാള്‍ സംഷിപ്തരൂപത്തില്‍ അവതരിപ്പിക്കുകയാവും ഉചിതം. ഇത് പറയുവാനുള്ള യോഗ്യത എനിക്കില്ലെന്നറിയാം. എങ്കിലും ഒരു പത്രവായനക്കാരനെന്ന രീതിയില്‍ പറഞ്ഞുപോകുകയാണ്. വി.എസ് ആ പദവി അലങ്കരിക്കുന്നിടത്തോളം കാലം ആ സ്ഥാനത്തിന് മാന്യത കൊടുക്കാന്‍ ഓരോ കേരളീയനും ബാധ്യസ്ഥനാണ്. ചിരിക്കുന്നത് ടി.വിയില്‍ ക്കൂടി കാണിക്കുന്നതുകാരണം പൊടിപ്പും തൊങ്ങലും വെച്ച് എഴുതി പ്രസിദ്ധീകരിക്കാനും ബുദ്ധിമുട്ടില്ല. അഴിക്കോടിനെ മുഖ്യന്‍ ഫോണില്‍ വിളിച്ചെന്നും വിളിച്ചില്ലെന്നും വെണ്ടയ്ക്കാ അക്ഷരത്തില്‍ പത്രങ്ങളില്‍ നിരത്തേണ്ട കാര്യമെന്താണ്? വാര്‍ത്തകള്‍ വായിച്ചാല്‍ തോന്നുന്നത് അഴിക്കോടിനെ കേരള മുഖ്യന്‍ ഫോണില്‍ വിളിച്ച് സംസാരിക്കണം എന്ന ഒരാശ അദ്ദേഹത്തിനുള്ളതുപോലെ തോന്നുന്നു. ഇത്രയും തരംതാഴാമോ ഡോ. സുകുമാര്‍ അഴിക്കോട്. ഫോണ്‍ ചെയ്ത നമ്പരേതെന്ന് കണ്ടുപിടിക്കുവാന്‍ സൌജന്യമായി കോളര്‍ ഐഡി ഉപയോഗിക്കാമെന്ന കാര്യവും അഴിക്കോടിനറിയില്ലെ?
ഇനിയെങ്കിലും ഈ മാധ്യമങ്ങള്‍ക്ക് അല്പം ജനോപകാരപ്രദമായ വിഷയങ്ങള്‍ പ്രധാനപ്പെട്ട പേജുകളില്‍ അവതരിപ്പിച്ചുകൂടെ. ഇത്തരം വാര്‍ത്തകള്‍ ഉള്‍പ്പേജില്‍ കൊടുക്കുകയാവും നല്ലത്.