വ്യാഴാഴ്‌ച, ജൂൺ 25, 2009

അട്ടിമറിക്കൂലി തര്‍ക്കം കാരണം സൌജന്യമായി

അട്ടിമറിക്കൂലിക്കായി തര്‍ക്കം, ഒടുവില്‍ കൂലിയില്ല; പണിയിലൂടെ പരിഹാരം

ആലപ്പുഴ: കൂലിത്തര്‍ക്കത്തെ തുടര്‍ന്ന്‌ ആസ്‌പത്രിയിലേക്കുള്ള ഉപകരണങ്ങള്‍ ഇറക്കുന്നതു തടഞ്ഞ തൊഴിലാളി യൂണിയന്‍ അവസാനം സൗജന്യമായി സാധനം ഇറക്കി തടിയൂരി.

രക്തബാങ്കിലെ ഉപകരണങ്ങള്‍ സൗജന്യമായി മാറ്റാന്‍ വേറെ ആളെത്തിയപ്പോഴാണ്‌ അട്ടിമറിക്കൂലിക്കായി വാശിപിടിച്ച എഐടിയുസി യൂണിയന്‍ നിലപാട്‌ മാറ്റിയത്‌.

ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ ആസ്‌പത്രിയിലെ രക്തബാങ്കിലെ ഉപകരണങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റുന്നതുമായി ബന്ധപ്പെട്ട്‌ മൂന്ന്‌ദിവസമായി നീണ്ടതര്‍ക്കത്തിന്‌ ഇതോടെ പരിഹാരമായി. 2000 രൂപയ്‌ക്ക്‌ ഉപകരണങ്ങള്‍ മാറ്റാമെന്ന്‌ ആദ്യം സമ്മതിച്ച എഐടിയുസി യൂണിയനില്‍പ്പെട്ട പൊതുമരാമത്ത്‌ ലാന്റിംഗ്‌ ആന്റ്‌ ലോഡിംഗ്‌ തൊഴിലാളികള്‍ തിങ്കളാഴ്‌ച ഇരട്ടിതുക കൂലിയായി ആവശ്യപ്പെട്ടിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന്‌ ഉപകരണങ്ങളുടെ നീക്കം തടസ്സപ്പെട്ടു. ഇത്‌ വാര്‍ത്തയായതോടെ 2000 രൂപയ്‌ക്ക്‌ തന്നെ ബുധനാഴ്‌ച ഉപകരണങ്ങള്‍ മാറ്റാമെന്ന്‌ തൊഴിലാളികള്‍ സമ്മതിച്ചു. ബുധനാഴ്‌ച ഉച്ചയോടെ സൗജന്യനായി ഉപകരണങ്ങള്‍ മാറ്റാമെന്ന്‌ പറഞ്ഞ്‌ പിഡിപി ആലപ്പുഴ ജില്ലാ സെക്രട്ടറി സുനില്‍ ഇസ്‌മയിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ്‌ പ്രശ്‌നം വഴിത്തിരിവിലെത്തിയത്‌. എഐടിയുസി യൂണിയന്‍ തൊഴിലാളികളും പിഡിപി പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കമായി. പിന്നീട്‌ ഉന്തുംതള്ളുമായി. തുടര്‍ന്ന്‌ പോലീസ്‌ ഇടപെട്ടിട്ടും പ്രശ്‌നത്തിന്‌ പരിഹാരമായില്ല. ഒടുവില്‍ എഐടിയുസി ജില്ലാ നേതൃത്വം ഇടപെട്ട്‌ സൗജന്യമായി ഉപകരണങ്ങള്‍ വണ്ടാനത്ത്‌ എത്തിക്കാന്‍ തൊഴിലാളികളോട്‌ നിര്‍ദ്ദേശിച്ചു. വൈകീട്ടോടെ തൊഴിലാളികള്‍ സൗജന്യമായി ഉപകരണങ്ങള്‍ വണ്ടാനത്തേക്ക്‌ മാറ്റുകയും ചെയ്‌തു.

കൂലിത്തര്‍ക്കത്തെ തുടര്‍ന്ന്‌ ഉപകരണങ്ങള്‍ മാറ്റാന്‍ സാധിക്കാതിരുന്നതിനാല്‍ തിങ്കളാഴ്‌ച വണ്ടാനം മെഡിക്കല്‍ കോളേജില്‍ രക്തബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. മൂന്ന്‌ റഫ്രിജറേറ്റര്‍, ഇന്‍കുബേറ്റര്‍, രണ്ട്‌ കസേര, ഒരു കട്ടില്‍ എന്നിവ മാറ്റുന്നതിനായിരുന്നു അട്ടിമറിക്കൂലിയായി 5500 രൂപ ആവശ്യപ്പെട്ടത്‌. നീണ്ട ചര്‍ച്ചയെ തുടര്‍ന്ന്‌ ഇത്‌ പിന്നീട്‌ 4000 ആയും 2000 ആയും കുറച്ചിരുന്നു. ഇതിനിടെയാണ്‌ ആസ്‌പത്രി വികസനസമിതിയിലെ അംഗം കൂടിയായ പിഡിപി ജില്ലാ സെക്രട്ടറി സുനില്‍ ഇസ്‌മയിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ എത്തിയത്‌. അതേസമയം സൗജന്യമായി ഉപകരണങ്ങള്‍ മാറ്റാന്‍ തൊഴിലാളികള്‍ക്ക്‌ നേരത്തെ തന്നെ ജില്ലാ നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരുന്നെന്നും ഇതിനിടയിലാണ്‌ ചിലര്‍ പ്രശ്‌നമുണ്ടാക്കാന്‍ എത്തിയതെന്നും എഐടിയുസി സംസ്ഥാന സെക്രട്ടറി ടി.ജെ. ആഞ്ചലോസ്‌ പറഞ്ഞു.
കടപ്പാട് - മാതൃഭൂമി 25-06-09