വ്യാഴാഴ്‌ച, ജൂലൈ 09, 2009

നേതാക്കളെ സമീപിച്ചെങ്കിലും..............

നോക്കുകൂലി: യൂണിയന്‍ പോയപ്പോള്‍ മാപ്പപേക്ഷ
തുറവൂര്‍: നോക്കുകൂലി വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സി.ഐ.ടി.യു. യൂണിറ്റ്‌ പിരിച്ചുവിട്ടു. എന്നാല്‍, അധികമായി വാങ്ങിയ തുക തിരികെ നല്‍കാമെന്ന്‌ ഉറപ്പുനല്‍കുകയും മാപ്പപേക്ഷ എഴുതി നല്‍കുകയും ചെയ്‌തതിനെത്തുടര്‍ന്ന്‌ യൂണിറ്റിന്റെ അംഗീകാരം പുനഃസ്ഥാപിച്ചു.

ചേര്‍ത്തല താലൂക്ക്‌ ഹെഡ്‌ലോഡ്‌ വര്‍ക്കേഴ്‌സ്‌ യൂണിയന്റെ തുറവൂര്‍ എന്‍.സി.സി. കവലയിലുള്ള പൂള്‍ നമ്പര്‍ എം. 3 ആണ്‌ ഒരു മാസം മുമ്പ്‌ പിരിച്ചുവിട്ടത്‌. പോലീസ്‌ ഉദ്യോഗസ്ഥനായ തുറവൂര്‍ പാട്ടുകുളങ്ങര കരിപ്പായില്‍ ബിനീഷിന്റെ പരാതിയെത്തുടര്‍ന്നായിരുന്നു ഈ നടപടി. ബിനീഷിന്റെ വീടുപണിയുന്നതിനായി ടിപ്പര്‍ലോറിയില്‍ കരിങ്കല്ല്‌ എത്തിച്ചപ്പോള്‍ ഒരു ലോഡിന്‌ 254 രൂപ വീതം നോക്കുകൂലിയായി വാങ്ങിയത്രെ. 7 ലോഡ്‌ കരിങ്കല്ല്‌ ഇവിടെ ടിപ്പര്‍ലോറിയില്‍ കൊണ്ടുവന്നു. പിന്നീട്‌, സിമന്റ്‌ കൊണ്ടുവന്നപ്പോഴും ചെറിയ തോതില്‍ പ്രശ്‌നമുണ്ടായി. വീടിന്‌ തൊട്ടടുത്ത്‌ ലോറി എത്തുമെന്നിരിക്കെ തൊഴിലാളികള്‍ ശഠിച്ചതുമൂലം ലോറി റോഡരികില്‍ ഇട്ട്‌ ലോഡ്‌ ഇറക്കേണ്ടിവന്നു. ഇതിന്‌ അധിക തുക ചെലവായെന്നും ഇതിന്‌ കാരണക്കാര്‍ തൊഴിലാളികളാണെന്നും ബിനീഷ്‌ പറഞ്ഞു. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നേതാക്കളെ സമീപിച്ചെങ്കിലും തൊഴിലാളികള്‍ക്ക്‌ അനുകൂലമായാണ്‌ അവര്‍ സംസാരിച്ചതത്രെ. ഇതേത്തുടര്‍ന്നാണ്‌ ബിനീഷ്‌ ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ്‌ ചേര്‍ത്തല ഡിവിഷനില്‍ പരാതി നല്‍കിയത്‌.

പരാതിയെ കുറിച്ചന്വേഷിച്ചപ്പോള്‍ കാര്യങ്ങള്‍ സത്യമാണെന്ന്‌ ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന്‌ ഈ യൂണിറ്റ്‌ പിരിച്ചുവിടുകയായിരുന്നു. ഒരു മാസം മുന്‍പായിരുന്നു ഇത്‌. വീട്ടുടമയില്‍ നിന്ന്‌ അധികമായി വാങ്ങിയ 1500 രൂപ തിരികെ നല്‍കാമെന്നുറപ്പു നല്‍കിയ തൊഴിലാളികള്‍ പിന്നീട്‌ മാപ്പപേക്ഷ എഴുതി നല്‍കുകയും ചെയ്‌തു. ഈ സാഹചര്യത്തില്‍ യൂണിറ്റിന്റെ അംഗീകാരം പുനഃസ്ഥാപിച്ചു നല്‍കിയെന്ന്‌ ക്ഷേമനിധി ബോര്‍ഡ്‌ ചേര്‍ത്തല ഡിവിഷന്‍ ചെയര്‍മാന്‍ ഇന്‍-ചാര്‍ജ്‌ മുരളീധരന്‍ നായര്‍ പറഞ്ഞു.
കടപ്പാട് - മാതൃഭൂമി
അപ്പോള്‍ നോക്കുകൂലി വാങ്ങാന്‍ പാടില്ല എന്ന് നിയമം ഉണ്ട് അല്ലെ? പക്ഷെ ഇത് പാര്‍ട്ട് പ്രവര്‍ത്തകര്‍ക്ക് ബോധ്യപ്പെടുന്നില്ല.