ചൊവ്വാഴ്ച, ജനുവരി 19, 2010

ഉച്ചക്കഞ്ഞിക്കുള്ള അരിക്കും നോക്കുകൂലി

കാട്ടാക്കട: സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞിക്കുള്ള അരി കയറ്റാതെ യൂണിയന്‍കാര്‍ 'നോക്കുകൂലി കൈക്കലാക്കി. കാട്ടാക്കട മാവേലി സ്റ്റോറിലെത്തിയ അരി വാഹനത്തില്‍നിന്ന് ഇറക്കാതെ, അതേ വാഹനത്തില്‍ സ്കൂളിലേക്കു കൊണ്ടുപോകുന്നതിനാണു നോക്കുകൂലി കൈക്കലാക്കി യൂണിയന്‍കാര്‍ മടങ്ങിയത്.കാട്ടാക്കട മാവേലിസ്റ്റോറില്‍ എത്തിയ, നാലു സ്കൂളുകള്‍ക്കുള്ള അരിയാണു സ്റ്റോറില്‍ ഇറക്കാതെ അതേ വാഹനത്തില്‍ കൊണ്ടുപോകുന്നതിനു സ്കൂള്‍ അധികൃതരില്‍നിന്നു നോക്കുകൂലി വാങ്ങിയത്.

സ്റ്റോറില്‍ ഇറക്കിയശേഷം ഇവിടെനിന്ന് അരി കയറ്റുന്നതിനുള്ള കൂലിയാണു യൂണിയന്‍കാര്‍ കൈക്കലാക്കിയത്.ഇന്നലെ രാവിലെ പതിനൊന്നിനാണ് മൈലക്കര എല്‍പി, യുപി സ്കൂളുകള്‍, വാവോട് എല്‍പി, ഹൈസ്കൂള്‍ എന്നിവിടങ്ങളിലേക്കുള്ള അരി മാവേലി സ്റ്റോറില്‍ എത്തിയത്. ഇതിനു പുറമെ ഇവിടെനിന്ന് ഒന്‍പതു ചാക്ക് പയറും മൂന്നു ചാക്ക് അരിയും കയറ്റിയതിനു മാവേലിസ്റ്റോര്‍ അധികൃതര്‍ക്കു വൌച്ചര്‍ നല്‍കി.

ഇതു കൂടാതെയാണു സ്കൂള്‍ അധികൃതരില്‍നിന്നു നോക്കുകൂലി വാങ്ങിയത്. തര്‍ക്കത്തെതുടര്‍ന്നു വാഹനം മൂന്നു മണിക്കൂറോളം സ്റ്റോറിനു മുന്നില്‍ കിടന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന അരിക്കു ചാക്കൊന്നിന് അഞ്ചു രൂപയാണു യൂണിയന്‍കാര്‍ ആവശ്യപ്പെട്ടത്. ഒടുവില്‍ കാട്ടാക്കട പൊലീസെത്തിയപ്പോള്‍, ചാക്കൊന്നിനു മൂന്നര രൂപ വീതം നോക്കുകൂലി വാങ്ങി വാഹനം വിട്ടയച്ചു.

പ്രശ്ന പരിഹാരത്തിനെത്തിയ എഎസ്ഐതന്നെ മൂന്നരരൂപ വീതം കൂലി നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
സര്‍ക്കാര്‍ നിശ്ചയിച്ച തുക ചാക്കൊന്നിനു കയറ്റുകൂലി 4.20 രൂപയാണ്. പക്ഷേ ഇവിടെ അരിയും പയറും കയറ്റാതെ തന്നെ മൂന്നരരൂപ വീതം വാങ്ങുകയായിരുന്നു.സാധാരണ അരി എത്തിയാല്‍ സ്റ്റോറില്‍ ഇറക്കാതെ അതേ വാഹനത്തില്‍ സ്കൂളിലെത്തിക്കുക പതിവാണ്. ഇങ്ങനെ വരുമ്പോള്‍ യൂണിയന്‍കാര്‍ക്ക് ഇറക്കുകൂലിക്ക് അര്‍ഹതയില്ല.

പക്ഷേ, അരി ഇറക്കിയതായി കാണിച്ചു യൂണിയന്‍കാര്‍ മാവേലിസ്റ്റോര്‍ അധികൃതര്‍ക്കു വൌച്ചര്‍നല്‍കുകയാണു പതിവ്. ഫലത്തില്‍ ജോലിചെയ്യാതെ പണം പറ്റുന്നതിനു പുറമെയാണ് സ്കൂള്‍ അധികൃതരില്‍നിന്നു നോക്കുകൂലി കൂടി വാങ്ങുന്നതെന്നു ചൂണ്ടിക്കാണിപ്പെടുന്നു.
കടപ്പാട് - മനോരമ