ചൊവ്വാഴ്ച, ഫെബ്രുവരി 23, 2010

ഒത്തുപിടിച്ചാല്‍ നോക്കുകൂലിയും പൊങ്ങും

കൊടിനിറം നോക്കാതെ നോക്കുകൂലി; തരപ്പെട്ടത് 88,800 രൂപ
സീതത്തോട്: കൊടിനിറം നോക്കാതെ നോക്കുകൂലിക്കായി തൊഴിലാളിയൂണിയനുകള്‍ ഒന്നിച്ചുനിന്നപ്പോള്‍ തരപ്പെട്ടത് 88,800 രൂപ. ഞായറാഴ്ച ശബരിഗിരി പദ്ധതിയുടെ മൂഴിയാര്‍ പവര്‍ഹൗസിലാണ് സംഭവം.
വൈദ്യുതിബോര്‍ഡിന്റെ ക്രെയിന്‍ ഉപയോഗിച്ച് ട്രാന്‍സ്‌ഫോര്‍മര്‍ ലോറിയില്‍ കയറ്റുന്നത് കണ്ടുനിന്നതിനാണ് തൊഴിലാളിയൂണിയനുകള്‍ 88,800 രൂപ നോക്കുകൂലി വാങ്ങിയത്.

സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ്, എ.ഐ.ടി.യു.സി. എന്നിവയടക്കം ആങ്ങമൂഴിയിലെ 11 യൂണിയനുകളില്‍ നിന്നുള്ള 62 തൊഴിലാളികളാണ് സ്ഥലത്ത് എത്തിയിരുന്നത്. 1,68,000 രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടതെങ്കിലും ഒത്തുതീര്‍പ്പുപ്രകാരം തുക കുറയ്ക്കുകയായിരുന്നു. ഉപയോഗശൂന്യമായതിനെത്തുടര്‍ന്ന് വൈദ്യുതിബോര്‍ഡ് ലേലംചെയ്തുനല്‍കിയ നാല് ട്രാന്‍സ്‌ഫോര്‍മറുകള്‍ കൊണ്ടുപോകാനെത്തിയ കരാറുകാരനില്‍നിന്നാണ് നോക്കുകൂലി വാങ്ങിയത്.

30 ടണ്‍ ഭാരം വരുന്ന ട്രാന്‍സ്‌ഫോര്‍മര്‍ ക്രെയിനിന്റെ സഹായത്തോടെ മാത്രമേ ലോറിയില്‍ കയറ്റാന്‍ കഴിയുകയുള്ളൂ എന്നിരിക്കെയാണ് യൂണിയനുകള്‍ വന്‍ തുക നോക്കുകൂലി ആവശ്യപ്പെട്ടത്. അതേസമയം ഒരു ടണ്‍ കോപ്പര്‍ കയറ്റുന്നതിന് 1700-ഉം ഇരുമ്പ് കയറ്റുന്നതിന് 700-ഉം രൂപ നിലവില്‍ കൂലിയുണ്ടെന്നും ട്രാന്‍സ്‌ഫോര്‍മറുകള്‍ പൊളിച്ചുനല്‍കിയാല്‍ ഇവ കയറ്റാന്‍ തൊഴിലാളികള്‍ തയ്യാറായിരുന്നുവെന്നും യൂണിയന്‍ നേതാക്കള്‍ പറയുന്നു.

27,000 രൂപ വൈദ്യുതിബോര്‍ഡിന് വാടക നല്‍കിയാണ് ബോര്‍ഡിന്റെ ക്രെയിന്‍ കരാറുകാരന്‍ ഉപയോഗിച്ചത്. ഏകദേശം മൂന്ന് മണിക്കൂര്‍കൊണ്ട് ഈ ജോലി പൂര്‍ത്തിയാക്കുകയും ചെയ്തു.
കടപ്പാട് - മാതൃഭൂമി