വ്യാഴാഴ്‌ച, നവംബർ 08, 2012

ക്ഷീരോത്പാദകരെ സഹായിക്കാം

ക്ഷീര കര്‍ഷകരെ സഹായിക്കുവാനും അവര്‍ക്കുവേണ്ടി പ്രസിദ്ധീകരിക്കുവാനും വേണ്ടി മൃഗസംരക്ഷണ വാര്‍ത്തകള്‍ എന്ന പേരില്‍ ഒരു ബ്ലോഗ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ഷീര കര്‍ഷകരെ കണ്ടെത്തുവാനായി ഒരു ഓണ്‍ലൈന്‍ ഡാറ്റാബാങ്ക് ലഭ്യമല്ല. അതിനാല്‍ ലഭ്യമാക്കുവാന്‍ കഴിയുന്ന വിവരങ്ങള്‍ ഇ-മെയില്‍ ഐഡിയോ, മൊബൈല്‍ നമ്പരോ അതല്ലയെങ്കില്‍ രണ്ടും കൂടെയോ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്നു. സര്‍ക്കാര്‍ തലത്തിലെടുക്കുന്ന തീരുമാനങ്ങള്‍ ക്ഷീരകര്‍ഷക്ക് പ്രയോജനപ്രദമാക്കുവാനും പ്രചരിപ്പിക്കുവാനും ഇത് സഹായകമാകും. കര്‍ഷകരെ സഹായിക്കാന്‍ കഴിയാത്തഏറ്റവും വലിയ ഒരു ഉദാഹരണമാണ് ഫാം ലൈസന്‍സിനു വേണ്ടിയുള്ള നടപടി ക്രമങ്ങള്‍. പൊലൂഷന്‍ കണ്ട്രോള്‍ ബോര്‍ഡിന്റെ പരമാധികാരം ക്ഷീര കര്‍ഷകര്‍ക്ക് നേരെ തിരിയുമ്പോള്‍ കര്‍ഷകരനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മറ്റുള്ളവര്‍ അറിയാതെ പോകുന്നു. പല അവസരങ്ങളിലും ക്ഷീര കര്‍ഷകര്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ ഡോക്ടറുടെ സേവനം ആവശ്യമായി വന്നാല്‍ സൌകര്യമുള്ള ഒരു ഡോക്ടറെ ലഭിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാല്‍ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി ഉല്‍പ്പെടെ ജില്ല തിരിച്ചുള്ള ഡോക്ടര്‍മാരുടെ ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കുവാന്‍ ഇത് സഹായകമാകും എന്ന് പ്രതീക്ഷിക്കാം.

ആടുമാടുകള്‍ വളര്‍ത്തുന്ന കര്‍ഷകരെ നിയമത്തിന്റെ നൂലാമാലകളില്‍ ശിക്ഷിക്കുന്ന അവസ്ഥയിലേക്ക്  പോകാതെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു് നടപടികള്‍ ഉണ്ടാകേണ്ടത് ക്ഷീരോത്പാദനമേഖലയെ പുഷ്ടിപ്പെടുത്താന്‍ സഹായകമാകും. യഥാര്‍ത്ഥത്തില്‍ ജൈവേതരമാലിന്യങ്ങളാണ് പരിസ്ഥിതിയെ മലിനപ്പെടുത്തുന്നത്. അത്തരം മാലിന്യ നിര്‍മ്മാതാക്കളെ ശിക്ഷിക്കുവാനോ തടയുവാനോ കഴിയാതെ പോകുന്നത് ഖേദകരം തന്നെയാണ്. ഗോമൂത്രം ഏറ്റവും നല്ല ജൈവ കീടനാശിനി ഉണ്ടാക്കുവാന്‍ പ്രയോജനപ്പെടുത്താം. ചാണകം ദുര്‍ഗന്ധമുണ്ടാകുന്ന ജൈവ മാലിന്യങ്ങളിലെ ദുര്‍ഗന്ധമകറ്റുവാന്‍ കഴിയുന്ന ഒരൊറ്റമൂലിയാണ്. ചാണകത്തിന് എയറോബിക് രീതിയില്‍ ജൈവമാലിന്യങ്ങളെ ദിവസങ്ങള്‍ക്കുള്ളില്‍ കമ്പോസ്റ്റാക്കി മാറ്റുവാനുള്ള കഴിവുണ്ട്. ഒരാഴ്ചക്കുള്ളിലുണ്ടാകുന്ന താപം രോഗാണുക്കളെയും പരാദങ്ങളെയും നശിപ്പിക്കുന്നു.
ചാണകം, ഗോമൂത്രം തുടങ്ങിയവയുടെ മഹത്വം അറിയാത്ത ശാസ്ത്രജ്ഞരും, പരിസ്ഥിതിസ്നേഹികളും, ഭരണകൂടങ്ങളും ഈ നാടിനൊരു ശാപമാണ്. ഒരുകാലത്ത് വീട്ടുറ്റങ്ങളില്‍ മനുഷ്യരുടെയും പട്ടികളുടെയും മൂത്രത്തിന്റെ ദുര്‍ഗന്ധമകറ്റുവാന്‍ നമ്മുടെ മുത്തശ്ശിമാര്‍ ചാണകം കലക്കി തളിക്കുന്നത് കണ്ടു വളര്‍ന്ന നാമെങ്ങിനെ അതിനെ മാലിന്യമായി കണ്ടു? പക്ഷിമൃഗാദികളുടെയും, മനുഷ്യന്റെയും വിസര്‍ജ്യം കൊണ്ട് മണ്ണിനെ പുഷ്ടിപ്പെടുത്തുന്നതിന് പകരം അതിനെ മാലിന്യമായി പരിഗണിക്കുന്നത് അപകടം തന്നെയാണ്. പൂജാമുറികളിലും മറ്റും ഉണങ്ങിയ ചാണക ഉണ്ടകള്‍ വേകിച്ചെടുത്ത ഭസ്മം ഇന്നും പലരും ഉപയോഗിക്കുന്നു. ഉത്തരേന്ത്യയില്‍ ചാണകം പാളികളായി ഉണക്കി അടുക്കിവെച്ച് അടുപ്പിലെ തീ കത്തിക്കാനായി ഉപയോഗിക്കുന്നു. ചുട്ടു പൊടിച്ച ചാണകം പല്‍പ്പൊടിയായും പ്രയോജനപ്പെടുത്തുന്നു.

ഗോമൂത്രവും ചാണകവും പ്രയോജനപ്പെടണമെങ്കില്‍ വീടുവീടാന്തിരം പശുക്കളെ വളര്‍ത്തണം. ഡയറിഫാമുകള്‍ക്ക് അതിന് കഴിയില്ല. മാത്രവുമല്ല ക്ഷീരോത്പാദനത്തിന്റെ പേരും പറഞ്ഞ് അടിച്ചേല്‍പ്പിച്ച ക്രോസ് ബ്രീഡ് ഇനങ്ങളുടെ പാലിലെ "ബീറ്റാകേസിന്‍ എഒണ്‍" മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാണെന്നിരിക്കെ അത്തരം സങ്കര ഇനം പശുക്കളെ നിരോധിക്കുകയാണ് വേണ്ടത്. വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ ഗവേഷണഫലങ്ങള്‍ മൃഗഡോക്ടര്‍മാരിലൂടെ കര്‍ഷകരിലെത്തുന്നില്ല. യൂണിവേവ്സിറ്റിയില്‍ നടക്കുന്ന സെമിനാറുകളും മറ്റും വിദേശ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന വെറും ചടങ്ങുകളായി മാറുന്നു. കര്‍ഷകര്‍ക്ക് പ്രയോജനപ്രദമായതൊന്നും മലയാളഭാഷയില്‍ യൂണിവേഴ്സിറ്റിയുടെ സൈറ്റില്‍ ലഭ്യമല്ല.
പ്രീയ ക്ഷീര കര്‍ഷകരെ,
നിങ്ങളുടെ ഡയറിയെ സംബന്ധിച്ച വിവരങ്ങള്‍ നിങ്ങള്‍ക്ക് സ്വയം രേഖപ്പെടുത്താംഇപ്രകാരം ക്ഷീര കര്‍ഷകരെ സംബന്ധിച്ച കാലാകാലങ്ങളില്‍ പുതുക്കുവാന്‍ കഴിയുന്ന ഒരു ഡാറ്റാബാങ്കില്‍ നിങ്ങള്‍ക്കും പങ്കാളിയാകാം.

വെള്ളിയാഴ്‌ച, നവംബർ 02, 2012

കാര്‍ഷികനയ രൂപീകരണം - ചര്‍ച്ച

2012 നവംബര്‍ ഒന്നിന് കേരള സ്റ്റേറ്റ് വെറ്റിറനറി കൌണ്‍സില്‍ ഹാളില്‍ ശ്രീ ആര്‍.ഹേലി, ശ്രീ ചിറ്റൂര്‍ കൃഷ്ണന്‍കുട്ടി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ച എഡിറ്റു ചെയ്യാതെ അവതരിപ്പിക്കുന്നു. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഏറിയപങ്കും മൃഗ ഡോക്ടര്‍മാര്‍ ആയിരുന്നു. നാല് കര്‍ഷകരും ചര്‍ച്ചയില്‍ പങ്കെടുത്തു. അനിമല്‍ ഹസ്ബന്‍ഡറി ഡയറക്ടര്‍ ഡോ. സുമ, കൃഷിവകുപ്പ് ഡയറക്ടര്‍ ശ്രീ അജിത് കുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു. പരിപാടിയുടെ അവസാനം ചെലവുകുറഞ്ഞ എയറോബിക് കമ്പോസ്റ്റിഗ് വീഡിയോ പ്രദര്‍ഷിപ്പിക്കുകയും വിശദീകരിക്കുകയും ചെയ്തു.

വ്യാഴാഴ്‌ച, ഒക്‌ടോബർ 25, 2012

കേരള മുഖ്യമന്ത്രിയ്ക്ക് വായിക്കാന്‍

 തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റിംഗ് ടെക്നോളജിയുടെ സവിശേഷതകള്‍
  • വെറ്റിറനറി യൂണിവേവ്സിറ്റിയിലെ ഡോ.ഫ്രാന്‍സിസ് സേവ്യറുടെ മേല്‍നോട്ടത്തില്‍ നടത്തിയ ഗവേഷണങ്ങളിലൂടെ എയറോബിക് കമ്പോസ്റ്റിംഗ് ടെക്നോളജി പരിഷ്കരിച്ചത്.
  • ദുര്‍ഗന്ധമുള്ളതും, ദുര്‍ഗന്ധസാധ്യതയുള്ളതുമായ ജൈവമാലിന്യങ്ങളെ ദുര്‍ഗന്ധരഹിതമായി സംസ്കരിക്കാം. 
  • ലീച്ചേജ് പൂര്‍ണമായും ഒഴിവാക്കുവാന്‍ സാധിക്കും.
  • മീഥൈന്‍,  കാര്‍ബണ്‍ ഡൈ ഓക്സൈഡ് എമല്‍ഷന്‍ പരിമിതപ്പെടുത്തുകയും രാജ്യത്തിന്റെ കാര്‍ബണ്‍ ക്രഡിറ്റിനെ സഹായിക്കുകയും ചെയ്യുന്നു.
  • എല്ലാത്തരം മത്സ്യ, മാംസ, കോഴി വേസ്റ്റുകളും ചത്ത പക്ഷിമൃഗാദികളും ദുര്‍ന്ധമില്ലാതെ സംസ്കരിക്കാം.
  • ഒരാഴ്ചയ്ക്കുള്ളില്‍ 70 ഡിഗ്രി സെല്‍ഷ്യസ് താപം ഉണ്ടാകുന്നതിനാല്‍ അണുബാധ ഒഴിവാകുകയും, കളകളുടെയും മറ്റും വിത്തുകള്‍ നശിപ്പിക്കുകയും, പരാദകീടബാധ ഒഴിവാക്കാന്‍ സാധിക്കുകയും ചെയ്യുന്നു.
  • രണ്ടായിരം രൂപ ചെലവില്‍ പരസഹായമില്ലാതെ സ്വയം ഇത്തരം പ്ലാന്റ് നിര്‍മ്മിക്കാം.
  • ഉള്‍ഭാഗം നാലടി നീളം, വീതി, ഉയരം  ആയതിനാല്‍ ടെറസിന് മുകളിലും, വീട്ടുമുറ്റത്തും സ്ഥാപിക്കാം.
  • ലേബര്‍ ഷോര്‍ട്ടേജുള്ള കേരളത്തില്‍ ലേബറില്ലാതെ സംസ്കരണം സ്വയം നിര്‍വ്വഹിക്കാം.
  • കുടുംബശ്രീ, ജനശ്രീ യൂണിറ്റുകള്‍ക്ക് കൈകാര്യം ചെയ്യുവാന്‍ സൌകര്യപ്രദം. 
  • ചാണകമോ, ചാണകത്തില്‍നിന്ന് വേര്‍തിരിച്ച ബാക്ടീരിയയോ ഉയോഗിച്ചുള്ള കമ്പോസ്റ്റിംഗ് നടത്തുന്നു.
കേരളം, കര്‍ണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ കര്‍ഷകരും, സ്ഥാപനങ്ങളും തുമ്പൂര്‍മൂഴി മോഡല്‍ നടപ്പിലാക്കിക്കഴിഞ്ഞു. വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തെക്കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള പോസ്റ്റുകള്‍ താഴെ ചേര്‍ത്തിരിത്തുന്നു.
കൊടുവള്ളി പഞ്ചായത്തിനെ നമുക്ക് മാതൃകയാക്കാം

വികേന്ദ്രീകൃത മാലിന്യ സംസ്കരണം, പരിസ്ഥിതി പരിപാലനം, ആരോഗ്യ സംരക്ഷണം  

ബുധനാഴ്‌ച, ഒക്‌ടോബർ 24, 2012

നഗരവും ഗ്രാമവും മാലിന്യമുക്തമാക്കാം


നമ്മുടെ വീടുകളിലുണ്ടാകുന്ന മാലിന്യങ്ങള്‍ പ്രധാനമായും രണ്ടു തരമാണല്ലോ. അവയുടെ വിനിയോഗത്തിലും രണ്ടുതരം സമീപനമാണ് ആവശ്യമായി വരുന്നത്. ജൈവമാലിന്യം കൂടുന്തോറും അവ റീ-സൈക്ലിങ്ങിലൂടെ നമ്മുടെ ടെറസിലും പറമ്പിലും പച്ചക്കറികളും ഫലവര്‍ഗങ്ങളും തെങ്ങും മറ്റും  കൃഷിചെയ്യുകയാണെങ്കില്‍ അവയ്ക്ക് വളമായി ഉപയോഗിക്കാം. അജൈവ മാലിന്യങ്ങള്‍ പലതരത്തിലുണ്ട്. അവയെ ജൈവമാലിന്യങ്ങള്‍ക്കൊപ്പം കൂട്ടിച്ചേര്‍ക്കുവാന്‍ പാടില്ല. കഴിവതും അജൈവ മാലിന്യങ്ങള്‍ ഉണ്ടാകാത്ത രീതിയില്‍ ഉപയോഗം നിയന്ത്രിക്കുകയാണ് വേണ്ടത്. വീടുകളില്‍ത്തന്നെ അവയെ തരം തിരിച്ച് സംഭരിച്ചാല്‍ പുനരുപയോഗത്തിനോ റീ-സൈക്ലിങ്ങിന് എത്തിക്കുവാനോ കഴിയും. നഗരങ്ങളില്‍ അറവുശാലകളില്‍ നിന്നും, കോഴിയിറച്ചി വില്‍ക്കുന്ന ഷോപ്പുകളില്‍ നിന്നും, മത്സ്യ മാര്‍ക്കറ്റുകളില്‍ നിന്നും മറ്റും ഉണ്ടാകുന്ന മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിച്ചെടുത്താല്‍ വളരെ ഗുണമുള്ള ജൈവവളമായി മാറ്റാം.
 ചിത്രങ്ങള്‍ക്ക് കടപ്പാട് - ഡോ. ഫ്രാന്‍സിസ് സേവ്യര്‍. ഇപ്രകാരം എയറോബിക് കമ്പോസ്റ്റ് രീതിയില്‍ ഈര്‍പ്പരഹിതമായും ദുര്‍ഗന്ധമില്ലാതെയും മൂന്നുമാസം കൊണ്ട് ചാക്കുകളില്‍ നിറയ്ക്കുവാന്‍ കഴിയുന്ന രീതിയില്‍ കമ്പോസ്റ്റ് നിര്‍മ്മിക്കാം. വീട്ടുമുറ്റത്ത് ഇപ്രകാരം ഒരു പ്ലാന്റ് നിര്‍മ്മിക്കുവാന്‍ സിമന്റിട്ടതറയില്‍ ഹോളോബ്രിക്സോ ഹോളോ ഇല്ലാത്ത ബ്രിക്സോ ഇടയില്‍ വിടവിട്ട് ദീര്‍ഘചതുരാകൃതിയില്‍ ഭിത്തി നിര്‍മ്മിക്കാം. നാലടിയില്‍ കൂടുതല്‍ വീതി പാടില്ല. നീളം കൂട്ടുവാന്‍ കഴിയും.  മാലിന്യത്തിന്റെ അളവ് കൂടുന്നതിനനുസരിച്ച് ഉയരം വര്‍ദ്ധിപ്പിക്കാം. മഴ നനയാതിരിക്കുവാന്‍ മേല്‍ക്കൂര അനിവാര്യമാണ്. ഇതില്‍ താഴെയറ്റത്ത് ആറിഞ്ച് കനത്തില്‍ ചാണകമോ ബയോഗ്യാസ് സ്ലറി ഈര്‍പ്പം കുറഞ്ഞതോ ഉപയോഗിക്കാം. അതിന് മുകളില്‍ ഏതുതരം ജൈവ മാലിന്യങ്ങളും ആറിഞ്ച് കനത്തില്‍ നിക്ഷേപിക്കുകയും അതിന് മുകളില്‍ മൃഗാവശിഷ്ടങ്ങളും മറ്റും നിക്ഷേപിക്കുകയും ചെയ്യാം. വീണ്ടും മുകളില്‍ ആറിഞ്ച് കനത്തില്‍ ചാണകമോ ഈര്‍പ്പം കുറഞ്ഞ സ്ലറിയോ കൊണ്ട് മൂടണം. ഇത് അത്തരത്തിലൊരു പ്ലാന്റ് ആവശ്യത്തിന് നിറയുന്നതുവരെ തുടരാം.

സ്ഥലപരിമിതി പ്രശ്നം വലിയൊരളവുവരെ ശുചിത്വത്തിന് മുന്‍തൂക്കം കൊടുക്കേണ്ട വിഷയമാണ്. അസുഖങ്ങള്‍ വന്ന് മരിക്കുന്ന ആടുമാടുകളെ എയറോബിക് കമ്പോസ്റ്റ് പ്ലാന്റിലൂടെ മൂന്നുമാസം കൊണ്ട് രോഗാണുമുക്തമായും ദുര്‍ഗന്ധമില്ലാതെയും കമ്പോസ്റ്റായി മാറ്റാം. അതിനും ചെയ്യേണ്ടത് മേല്‍പ്പറഞ്ഞ രീതിയിലുള്ള എയറോബിക് കമ്പോസ്റ്റിങ്ങ് രീതി തന്നെയാണ്. എയറോബിക് കമ്പോസ്റ്റ് രീതിയെക്കുറിച്ച് തൃശൂര്‍ വെറ്ററനറി യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ (ഡോ) ഫ്രാന്‍സിസ് സേവ്യറുടെ നേതൃത്വത്തില്‍ പരീക്ഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയും കണ്ടെത്തിയ ചെലവു കുറഞ്ഞ സംസ്കരണ രീതിയാണ് ഇത്. ഇന്നത്തെ ചുറ്റുപാടില്‍ ലേബര്‍ എന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഏറവും കുറഞ്ഞ ലേബറില്‍ സമ്പുഷ്ടമായ ജൈവവളം നിര്‍മ്മിക്കുന്നതിലൂടെ പരിസ്ഥിതി പരിപാലനത്തില്‍ വലിയൊരു സംഭാവനയാണ് നാം ചെയ്യുന്നത്. എലി മുതലായ ഷുദ്ര ജീവികളെ തടയാന്‍ ചുറ്റിനും നെറ്റ് കൊണ്ട് മറയ്ക്കാം. 70 ഡിഗ്രി താപം ഈ പ്ലാന്റില്‍ ഉണ്ടാകുന്നതിനാല്‍ അണുബാധ ഉണ്ടാകുകയില്ല. മാത്രവുമല്ല കളകളുടെ വിത്തുകള്‍ നശിക്കുകയും അവ കിളിര്‍ക്കാതാവുകയും ചെയ്യും. ചാണകത്തിലെയോ, സ്ലറിയിലേയോ അണുജീവികള്‍, നൈട്രജന്‍, ഫോസ്‌ഫറസ്, കാര്‍ബണ്‍, മറ്റ് അവശ്യ ഘടകങ്ങള്‍ എന്നിവ ഉപയോഗിച്ച് ഊര്‍ജ്ജം സമ്പാദിക്കുന്നു. കൂടുതല്‍ കാര്‍ബണ്‍ ഘടകമാണ് ആവശ്യം വരുക. കാര്‍ബണ്‍ സങ്കേതത്തെ ദ്രവിപ്പിച്ച് കാര്‍ബണ്‍ ഡൈ ഓക്സൈഡും ചൂടും ഉണ്ടാവും. കാര്‍ബണ്‍ നൈട്രജന്‍ അനുപാതം ഏറെ പ്രധാന്യ മര്‍ഹിക്കുന്നു.

ഈച്ച ശല്യം ഉണ്ടാകുന്നില്ല. ഊറല്‍ ഉണ്ടാകാത്തതിനാല്‍ ദുര്‍ഗന്ധം ഉണ്ടാകുന്നില്ല. ഉയര്‍ന്ന താപനില ഏതാണ്ട് ഒരാഴ്ചയോളം നിലനില്‍ക്കുന്നു. മാലിന്യങ്ങള്‍ ദ്രവിക്കുന്നു ഉയര്‍ന്ന താപനിലയില്‍ രോഗാണുക്കള്‍ നശിക്കുന്നു പരാദങ്ങളുടെ വളര്‍ച്ച തീര്‍ത്തും ഉണ്ടാകുന്നില്ല മുതലായവ ഇതിന്റെ നേട്ടങ്ങളാണ്.

ഒരു കാലത്ത് തെങ്ങോലകള്‍ കൊണ്ട് മെടഞ്ഞെടുത്ത് മേല്‍ക്കൂര മേഞ്ഞിരുന്ന ധാരാളം വീടുകളും സ്കൂളുകളും മറ്റും ഉണ്ടായിരുന്നു. എന്നാല്‍ വളരെക്കുറച്ചുമാത്രമേ ഇന്ന് തെങ്ങോലകള്‍  മെടയുവാനായി ഉപയോഗിക്കുന്നുള്ളു. മണ്ണിലെ മൂലകങ്ങളുടെ അഭാവം കാരണം തെങ്ങില്‍ നിന്ന് കിട്ടുന്ന ആദായവും നന്നെ കുറവാണ്. ദീര്‍ഘനാള്‍ കൃഷി ചെയ്ത വിള മണ്ണില്‍ നിന്ന് ന്യൂട്രിയന്റ് മൈനിങ്ങ് നടത്തുകയും തെങ്ങുകള്‍ക്ക് അനേകം രോഗങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നു. പാഴായിപ്പോകുന്ന തെങ്ങോലകളെ എയറോബിക് കമ്പോസ്റ്റാക്കി മാറ്റി തെങ്ങിന് വളമായി നല്‍കാം. അതോടൊപ്പം തന്നെ വീട്ടുമുറ്റം തൂത്തുവാരുന്ന ചപ്പുചവറുകളും നീക്കം ചെയ്യുന്ന കളകളും തൊണ്ടും (ചിരട്ട ഒഴികെ തെങ്ങില്‍നിന്ന് ലഭിക്കുന്നതെല്ലാം ഉപയോഗിക്കാം) മുട്ടത്തോടും മറ്റും ഈ പ്ലാന്റില്‍ നിക്ഷേപിക്കാം. ഇതിലൂടെ ലഭിക്കുന്ന പോഷക സമ്പുഷ്ടമായ ജൈവ വളം തെങ്ങിന്‍ ചുവട്ടില്‍ നിക്ഷേപിച്ച് തെങ്ങിനെ സംരക്ഷിക്കാം. തെങ്ങിന്‍ ചുവട്ടിലെ ന്യൂട്രിയന്റ്സ് തേങ്ങയുടെയും, കരിക്കിന്റെയും, തേങ്ങ ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയുടെയും മറ്റും ഗുണനിലവാരം വര്‍ദ്ധിപ്പിക്കും.

ബയോഗ്യാസ് പ്ലാന്റുകള്‍ പലരീതിയില്‍ നിര്‍മ്മിക്കപ്പെടുന്നു. ജലത്തിലലിയുന്ന ഏത് ജൈവാവശിഷ്ടവും പ്ലാന്റില്‍ നിക്ഷേപിക്കാം. പ്രധാനമായും കക്കൂസ് വിസര്‍ജ്യം ബയോഗ്യാസ് പ്ലാന്റിലേയ്ക്ക് കടത്തിവിടുന്നതിലൂടെ ഫെര്‍മെന്റേഷന്‍ പ്രൊസസ് നടക്കുമ്പോള്‍ മെത്രോജനിക് ബാക്ടീരിയ കോളിഫാം ബാക്ടീരിയയെ നിര്‍വീര്യമാക്കുന്നു. അതിലൂടെ കുടിവെള്ളം മലിനപ്പെടുത്തുന്ന ഇ-കോളി ബാക്ടീരിയയെ നമുക്ക് ഒഴിവാക്കാം. പ്രത്യേകം ശ്രദ്ധിക്കേണ്ടത് സോപ്പുകലര്‍ന്ന കുളിമുറിയിലെ ജലം ഈ പ്ലാന്റില്‍ എത്താന്‍ പാടില്ല എന്നതാണ്. ബയോഗ്യാസ് ഉപയോഗിച്ച് ആഹാരം പാകം ചെയ്യാനും, ജനറേറ്റര്‍ പ്രവര്‍ത്തിക്കുവാനും, വാഹനം ഓടിക്കുവാനും, മാന്റില്‍ വിളക്ക്  കത്തിക്കുവാനും മറ്റും സാധിക്കുന്നു.

ചാണകത്തിന്റെ ഗന്ധം ഇഷ്ടപ്പെടാത്തവര്‍ക്കും, ചാണകം ലഭ്യമല്ലാത്തിടത്തും ചാണകത്തില്‍ നിന്ന് ലഭ്യമാക്കിയ ബാക്ടീരിയ സ്പ്രേ ചെയ്തും എയറോബിക് കമ്പോസ്റ്റ് നിര്‍മ്മിക്കാം. ചാണകത്തില്‍ നിന്ന് ലഭ്യമാക്കിയതാകയാല്‍ അതിന് ദോഷഫലങ്ങളൊട്ടുംതന്നെ ഇല്ല. നഗരങ്ങളില്‍ കുടുംബശ്രീ, ജനശ്രീ യൂണിറ്റിലെ അംഗങ്ങള്‍ക്ക് വീടുകളില്‍ നിന്ന് സംഭരിക്കുന്ന ജൈവമാലിന്യങ്ങള്‍ കൂട്ടായി ഓരോ പ്രദേശത്തും ഇപ്രകാരം എയറോബിക് കമ്പോസ്റ്റ് നിര്‍മ്മിക്കുന്നതിലൂടെ 10,000 രൂപ മൂല്യമുള്ള ജൈവവളം ലഭിക്കുന്നതാണ്. ഒരു പ്ലാന്റ് നിറഞ്ഞുകഴിഞ്ഞാല്‍ അടുത്ത മറ്റൊരു പ്ലാന്റ് ഉപയോഗിക്കാം. ഭാരിച്ച ചെലവ് ഇല്ലാത്ത ഈ പ്ലാന്റില്‍നിന്ന്  ദുര്‍ഗന്ധമില്ലാത്തതാകയാള്‍ വഴിയോരങ്ങളില്‍ സ്ഥാപിക്കാന്‍ കഴിയുകയും ചെയ്യും. ഇപ്രകാരം ലഭിക്കുന്ന ജൈവവളം വരുമാനം മാത്രമല്ല ആ പ്രദേശത്തെ വീടുകള്‍ തോറും ഈ ജൈവവളം ഉപയോഗിച്ച്  ടെറസിലും മുറ്റത്തും പച്ചക്കറികളും മറ്റും കൃഷിചെയ്യുവാനും കഴിയും. ഗ്രീന്‍ ഗാരിസണ്‍ എന്ന സംഘടന ഇതിന്റെ പരിശീലനം നല്‍കി സഹായിക്കുന്നു.

ബയോഗ്യാസ് സ്ലറി ഡ്രയറിന്റെ സഹായത്താല്‍ സ്ലറിയിലെ ജലാംശം നീക്കം ചെയ്ത് മേല്‍ക്കൂരയുള്ള പ്ലാന്റില്‍ എയറോബിക് കമ്പോസ്റ്റാക്കി ഗുണനിലവാരമുള്ള ജൈവവളം നമുക്ക് തന്നെ നിര്‍മ്മിക്കുവാന്‍ കഴിയുന്നത് ഈര്‍പ്പരഹിതമായി സംഭരിക്കുകയും ചെയ്യാം. ഒരു കിലോഗ്രാം കമ്പോസ്റ്റില്‍ 13-17 ഗ്രാം വരെ നൈട്രജന്‍, 75-80 ഗ്രാം വരെ കാല്‍ഷ്യം, 6-8 ഗ്രാം വരെ ഫോസ്‌ഫറസ് മുതലായവ അടങ്ങിയിരിക്കുന്നു. പ്രൈമറി ന്യൂട്രിയന്‍സും, സെക്കന്‍ഡറി ന്യൂട്രിയന്‍സും, ട്രയിസ് എലിമെന്‍സും ആവശ്യത്തിന് ലഭ്യമാകയാല്‍ മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകമാത്രമല്ല സുസ്ഥിര കൃഷിയ്ക്ക് വഴിയൊരുക്കുകയും ചെയ്യും. സ്വയം ആവശ്യമില്ലാത്തവര്‍ക്ക് ഇത് വിപണനത്തിനും വഴിയൊരുക്കും. ഇത്തരത്തില്‍ ഉണങ്ങിപ്പൊടിഞ്ഞ ജൈവവളം തോട്ടങ്ങളിലെത്തിക്കാല്‍ കുറഞ്ഞ ലേബര്‍മതിയാകും. സ്ലറിയായി പമ്പ് ചെയ്താലും, ജൈവാവശിഷ്ടങ്ങള്‍ മണ്ണില്‍ നിക്ഷേപിച്ച് വളമാക്കി മാറ്റിയാലും ചെലവ് കൂടുകയും, പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുകയും ചെയ്യും. വീടു വീടാന്തരം ഇത്തരം പ്ലാന്റുകള്‍ സ്ഥാപിക്കുന്നതോടൊപ്പം നഗരങ്ങളില്‍ സീവേജ് മാലിന്യം കൂടി ഉള്‍പ്പെടുത്തി സമൂഹ ബയോഗ്യാസ് പ്ലാന്റുകളും, ബയോഗ്യാസ് സ്ലറി ഡ്രയറും പ്രവര്‍ത്തനക്ഷമമാകുന്നതോടെ നഗരത്തിലൂടെ ഒഴുകുന്ന നദികളും തോടുകളും മാലിന്യമുക്തമാകുകയും ദുര്‍ഗന്ധം പൂര്‍ണമായി മാറിക്കിട്ടുകയും ചെയ്യും.

വളരെ ചെലവ് കുറഞ്ഞ രീതിയില്‍ കോണ്‍ക്രീറ്റ് കട്ടകളുപയോഗിച്ചും പ്ലാന്റ് നിര്‍മ്മിക്കാം. 15" നീളമുള്ള 60  കട്ടകള്‍ കൊണ്ട് ഇപ്രകാരം ഒരു പ്ലാന്റ് നിര്‍മ്മിക്കാന്‍ സാധിക്കും. മേല്‍ക്കൂര നഗരങ്ങളിലും മറ്റും നീക്കം ചെയ്യുന്ന ഫ്ലക്സ് ഷീറ്റുകള്‍ കൊണ്ട് നിര്‍മ്മിക്കാം. ജി.ഐ ഷീറ്റാണ് ഉപയോഗിക്കുന്നതെങ്കില്‍ പതിനെട്ടടി നീളം വേണ്ടിവരും. കുടുബശ്രീ, ജനശ്രീ യൂണിറ്റുകള്‍ക്ക്  ഇത്തരം പ്ലാന്റുകള്‍ നിര്‍മ്മിച്ച് അനേകം വീടുകളില്‍ നിന്ന് സംഭരിക്കുന്ന ജൈവ മാലിന്യങ്ങള്‍ കമ്പോസ്റ്റാക്കി മാറ്റാം. കമ്പോസ്റ്റ് വില്‍ക്കുവാന്‍ വീടുകളില്‍ത്തന്നെ പച്ചക്കറി ധാരാളം കൃഷി ചെയ്യുന്നുണ്ട്. അവര്‍ക്ക് വില്‍ക്കുവാന്‍ സാധിക്കുകയും ചെയ്യും. ഇത്തരം കട്ടകള്‍ എടുത്തുമാറ്റാന്‍ കഴിയുന്നവയാകയാല്‍ ഒരു സ്ഥലത്തുനിന്ന് മാറ്റി മറ്റൊരു സ്ഥലത്തേക്ക് കേടുപാടുകളില്ലാതെ കൊണ്ടുപോകുവാനും സാധിക്കും. ചിരട്ടയും പച്ചിലയും ഇത്തരം പ്ലാന്റുകളില്‍ നിക്ഷേപിച്ചാല്‍ അത് കമ്പോസ്റ്റായി മാറുകയില്ല. പച്ചിലകള്‍ എയറോബിക് കമ്പോസ്റ്റ് പ്ലാന്റില്‍ നിക്ഷേപിക്കാന്‍ പാടില്ല.  ഉദാഹരണത്തിന് സദ്യഊണ് കഴിഞ്ഞ വാഴയില ഈ പ്ലാന്റില്‍ സംസ്കരിച്ചാല്‍ മൂന്നുമാസത്തിനുശേഷവും വാഴയിലയായിത്തന്നെ ലഭിക്കും. അതിനാല്‍ പച്ചിലകള്‍ ഉണക്കിയിടുന്നതാണ് ഉത്തമം. 
Few Links related with it:-

ബുധനാഴ്‌ച, ഒക്‌ടോബർ 03, 2012

ഭരണകൂടങ്ങള്‍ പരിസ്ഥിതി വിരുദ്ധമാകുന്നത് എന്തുകൊണ്ട്?

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ക്ലോഡ് അല്‍വാരിസ് തിരുവനന്തപുരം പ്രസ് ക്ലബില്‍ നടത്തിയ എന്‍.നരേന്ദ്രന്‍ സ്മാരക പ്രഭാഷണത്തിന്റെ പരിഭാഷ.
 

ബുധനാഴ്‌ച, സെപ്റ്റംബർ 05, 2012

എമെര്‍ജിംഗ് കേരള കര്‍ഷകന്റെ കാഴ്ചപ്പാടില്‍

ആദ്യം നാം പരിഗണിക്കേണ്ടത് നമുക്ക് നാളിതുവരെ എന്തൊക്കെ പാളിച്ചകള്‍ പറ്റി, അവയെ എങ്ങിനെയൊക്കെത്തിരുത്താം, എന്നിട്ടാവട്ടെ പുതിയ പദ്ധതികള്‍ കൊണ്ടുവരുന്നതിനെപ്പറ്റി പഠനം നടത്താന്‍. ചുരുക്കിപ്പറഞ്ഞാല്‍ പഠനം നടത്താതെ നടപ്പിലാക്കിയ പല പദ്ധതികളും നമുക്ക് ദോഷമെ വരുത്തിവെച്ചിട്ടുള്ളു. ഒരുദാഹരണം ഞാനിവിടെ പറയാം.

തിരുവനന്തപുരം നഗരത്തിന് കുടിവെള്ളം കരമന നദിയില്‍ അരുവിക്കരയില്‍ അണ കെട്ടി ആ ജലം വെള്ളയമ്പലത്തെത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്തിരുന്നു. ഡാം വരെ ഒഴുകിയെത്തിയിരുന്ന ജലം മണ്ണിലെ ബാക്ടീരിയകളാല്‍ ശുദ്ധീകരിക്കപ്പെട്ടിരുന്നു എന്നുവേണം മനസിലാക്കാന്‍. റോഡുകളില്‍ പൊതു ടാപ്പുകളിലൂടെ സൌജന്യമായി കുടിവെള്ളം ലഭ്യമാക്കിയിരുന്നു. ഈ നാടിനെ രക്ഷിക്കാന്‍ കുപ്പിവെള്ള കച്ചവടം പ്രോത്സാഹിപ്പിക്കരുതായിരുന്നു. ഇന്നത്തെ അവസ്ഥയെക്കുറിച്ചാണെങ്കില്‍ പറയാന്‍ ഒത്തിരി ഉണ്ട്. വിളപ്പില്‍ശാല മാലിന്യ സംസ്കരണ പ്ലാന്റില്‍ നിന്ന് കരമനയാറ്റില്‍ ഒലിച്ചിറങ്ങുന്ന മലിനജലം (ജൈവേതര മാലിന്യങ്ങള്‍) മത്സ്യങ്ങളെ കൊന്നുകൊണ്ട് താഴേയ്ക്കൊഴുകുന്നു. ജനസംഖ്യാനുപാതികമായി ഡ്രയിനേജ് സിസ്റ്റം മെച്ചപ്പെടുത്താന്‍ കഴിയാത്തതിനാല്‍ ധാരാളം കക്കൂസ് വിസര്‍ജ്യം കിള്ളിയാറ്റിലും കരമനയാറ്റിലും എത്തിച്ചേരുന്നു. ഇവയെല്ലാം കൂടി താഴേയ്ക്ക് ഒഴുകുമ്പോള്‍ തിരുവല്ലത്തെ പിതൃക്കള്‍ക്ക് നിത്യശാന്തിക്കായി ബലിതര്‍പ്പണം നടത്തി മുങ്ങിഉയരുന്ന നദിയിലെ കറുത്ത ജലം എന്താണെന്ന് നാം മനസിലാക്കുന്നില്ല. ജല മലിനീകരണം പാപമാണ്. ഈ ജലം പല പമ്പുകളുപയോഗിച്ച് വീടുകളില്‍ കുടിവെള്ളമായെത്തുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഏറെയാണ്. സമരം ചെയ്ത വിളപ്പില്‍ശാലക്കാരെ പ.റ്റി.പി നഗറിലെ വി.ഐ.പികള്‍ പ്രശംസിക്കണം ഒരല്പം മാലിന്യം ഒഴിവായിക്കിട്ടിയതില്‍. ഒരുകാലത്ത് പാര്‍വ്വതി പുത്തനാറിലൂടെ ഒഴുകിയിരുന്നത് ശുദ്ധ ജലമായിരുന്നു. മോടി പിടിപ്പിക്കലിന്റെ ഭാഗമായി ഇരുവശവും കോണ്‍ക്രീറ്റ് ചെയ്ത് കല്ലുകെട്ടിയപ്പോള്‍ ജൈവേതരമാലിന്യങ്ങള്‍ക്കൊപ്പം ഇന്ന് ആ ജലവും മലിനപ്പെട്ടുകഴിഞ്ഞു. ജൈവമാലിന്യങ്ങളെ വലിച്ചെടുത്ത് ഫലം നല്‍കിയിരുന്ന തെങ്ങുകള്‍ ഇരു കരകളിലും ഉണ്ടായിരുന്നു. അപ്രകാരം ജലവും ശുദ്ധീകരിക്കപ്പെട്ടിരുന്നു.

ചാല, പാളയം മാര്‍ക്കറ്റുകളിലെയും റോഡ് തൂത്തു വാരുന്ന ചപ്പുചവറുകളുടെയും ലേഡുകള്‍ വലിയതുറ സീവേജ് ഫാമിലെത്തിച്ച് കമ്പോസ്റ്റുണ്ടാക്കി വിറ്റിരുന്നു. ഡ്രയിനേജ് സൌകര്യമില്ലാതിരുന്ന സ്ഥലങ്ങളില്‍ നിന്ന് തൊഴിലാളികളുടെ സഹായത്താല്‍ വിസര്‍ജ്യം കാളവണ്ടികളില്‍ സീവേജ്ഫാമില്‍ എത്തിച്ചിരുന്നു. മരച്ചീനികൃഷിക്കായി പച്ചയായ വിസര്‍ജ്യം കാളവണ്ടികളില്‍ കഗൃഷിയിടങ്ങളിലും എത്തിച്ചിരുന്നു. അന്ന് തിരുവനന്തപുരം നഗരത്തിന് ഇന്ത്യയില്‍ ശുചിത്വത്തിന് ഒന്നാം സ്ഥാനവുമുണ്ടായിരുന്നു. വിമാനത്താവളവികസനം ചപ്പുചവറുകളെ വിളപ്പില്‍ശാലയിലെത്തിച്ചു ജൈവേതരമാലിന്യ കൂമ്പാരത്തോടെ. വലിയതുറയുടെ അവസ്ഥ പരിതാപകരമായി മാറി. ജൈവമാലിന്യങ്ങള്‍ മാത്രമായിരുന്നുവെങ്കില്‍ വലിയതുറ സീവേജ് ഫാമിലെ വിസര്‍ജ്യത്തെ കട്ടിരൂപത്തിലാക്കി കൂട്ടിക്കലര്‍ത്തി വിളപ്പില്‍ശാലയില്‍ മെച്ചപ്പെട്ട കമ്പോസ്റ്റ് ലാഭകരമായി നിര്‍മ്മിക്കാമായിരുന്നു പരിസ്ഥിതി മലിനപ്പെടുത്താതെ. നഗരവാസികള്‍ വലിച്ചെറിയുന്ന ജൈവേതരമാലിന്യങ്ങള്‍ക്കൊപ്പം ജൈവമാലിന്യവും പാഴാവുന്നു. ജൈവേതരമാലിന്യങ്ങള്‍ സംഭരിക്കാനൊരു സംവിധാനമാണ് കണ്ടെത്തേണ്ടിയിരുന്നത്. ആദ്യം വേണ്ടത് ഇത്തരം തിരുത്തേണ്ട വിഷയങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വികസനമാണ്. പൊതുജന പങ്കാളിത്തം ഇക്കാര്യത്തില്‍ ഉറപ്പാക്കാന്‍ കഴിയുമെന്നിരിക്കെ അത് പരിഗണിക്കാതെ എന്ത് വികസനം?

ഉറവിടത്തില്‍ത്തന്നെ മാലിന്യ സംസ്കരണം നടത്തി വികേന്ദ്രീകൃത സംവിധാനത്തിലൂടെ ഒരു നാടിനെ രക്ഷിക്കാം. കമ്പോസ്റ്റ് ഉപയോഗിച്ച് ഗ്രീന്‍ കേരളയെ ഗ്രീനായി നിലനിറുത്താം. ഇല്ലെങ്കില്‍ ഇറാക്കിന്റെ അവസ്ഥ നമുക്കും വിദൂരത്തിലല്ല എന്നതാണ് സത്യം. പരിസര ശുചീകരണത്തിലൂടെ മണ്ണില്‍ ആഴ്ന്നിറങ്ങുന്ന ഓരോ തുള്ളി ജലവും കുടിക്കാന്‍ യോഗ്യമാക്കാം.

നാളിതുവരെ മാറി മാറി കേരളം ഭരിച്ചവര്‍ പ്രകൃതിയെ മറന്നു. പഞ്ചഭൂതങ്ങളെ നശിപ്പിക്കുവാനുതകുന്ന പലതരം വികസനങ്ങള്‍ പ്രാവര്‍ത്തികമാക്കി. ഇരുപത്തിഒന്‍പത് വര്‍ഷങ്ങള്‍ കൊണ്ട് ശമ്പളവും പെന്‍ഷനും ഇരുപത്തിയഞ്ചിരട്ടിയായി. കൈക്കൂലി നില്‍കാതെ സാധാരണക്കാരന് മിക്കവാറും ഓഫീസുകളില്‍നിന്നും നീതി ലഭിക്കാത്ത അവസ്ഥ. അന്നും ഇന്നും ഏറെ ശത്രുത കര്‍ഷകരോട് തന്നെ. നെല്‍പ്പാടങ്ങള്‍ നികരുവാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ആരും ശബ്ദിക്കുന്നില്ല. ഒരുകാലത്ത് സമ്പന്നമായിരുന്ന നെല്‍പ്പാടങ്ങള്‍ കര്‍ഷകന് നല്‍കിയിരുന്നത് നല്ലൊരു ലാഭമായിരുന്നു. വിവാഹ കമ്പോളത്തില്‍ നെല്‍ക്കര്‍ഷകന് നല്ല ഡിമാന്റായിരുന്നു. ഇന്ന് നെല്‍കൃഷി മാറ്റി മറ്റ് മാര്‍ഗങ്ങള്‍ തേടുന്ന കര്‍ഷകരെ നിയമം മൂലം തടയിടുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന എസ്സെന്‍ഷ്യല്‍ കമോഡിറ്റീസിന്റെ വര്‍ദ്ധനവിനാനുപാതികമായി കാര്‍ഷികോത്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിക്കുന്നില്ല എന്ന് ആരും പറയില്ല. അത്തരം ഒരു വര്‍ദ്ധന നെല്‍ക്കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നെങ്കില്‍ ഒരു നെല്‍പ്പാടവും നികരില്ലായിരുന്നു. കാര്‍ഷികോത്പന്ന വില കൂടി എന്ന് പറഞ്ഞ് കര്‍കരെക്കൊണ്ടുപോലും സമരം ചെയ്യിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ കര്‍ഷകര്‍ക്ക് കൃഷിയില്‍ നിന്നും ന്യായമായ വരുമാനം ലഭിച്ചാല്‍ മാത്രമെ അവര്‍ക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ. അവരും ടിവിയും ഫ്രിഡ്ജും, ബൈക്കും, കമ്പ്യൂട്ടറും ഉപയോഗിക്കാന്‍ പാടില്ലെന്നാണോ? ഇനി ഭക്ഷ്യവിളകളെ ഇല്ലായ്മചെയ്ത് റബ്ബര്‍കൃഷിയിലേയ്ക്ക് മാറിയ കര്‍ഷകരെ ശത്രുവായി കാണാം. ഭൂ പരിഷ്കരണം ഭക്ഷ്യവിളകള്‍ക്ക് വിസ്തൃതിയില്‍ നിയന്ത്രണം കൊണ്ടുവന്നപ്പോള്‍ തോട്ടങ്ങളെ ഒഴിവാക്കി. അത്തരം തോട്ടങ്ങള്‍ ഏറിയ പങ്കും സര്‍ക്കാര്‍ വനഭൂമിയാണെന്നാണ് എന്റെ അറിവ്.
റബ്ബറിന്റെ വില വര്‍ഷങ്ങളോളം ഉയര്‍ന്നിരിക്കുകയും കര്‍ഷകര്‍ സ്വമേധയാ മറ്റുവിളകളെ മാറ്റി റബ്ബര്‍കൃഷിയിലേയ്ക്ക് തിരിയുകയും ചെയ്തപ്പോള്‍ ഇതിനെ നിയന്ത്രിക്കുന്ന റബ്ബര്‍ ബോര്‍ഡ് എന്താണ് ചെയ്തത്? മാധ്യമങ്ങളിലൂടെ കള്ളക്കണക്കുകള്‍ പ്രചരിപ്പിച്ചു.  തെളിവ് ഇതാണ്. [ https://sites.google.com/a/keralafarmeronline.com/missing/ml ] റബ്ബറിന് ഉയര്‍ന്ന വില ലഭിക്കുന്നതുകാരണം ആവര്‍ത്തനകൃഷിയില്‍ കുറവുണ്ടായി എന്ന് കള്ളം പറഞ്ഞു. ഇനി നമുക്ക് കാണാന്‍ കഴിയുക റബ്ബറിന്റെ വിലയിടിവും ടാപ്പ് ചെയ്യാത്ത തോട്ടങ്ങളുമാണ്. ദീര്‍ഘവീക്ഷണമില്ലാതെ മറ്റ് ഭക്ഷ്യവിളകളുടെ വിലയിടിച്ച് റബ്ബര്‍വില ഉയര്‍ത്തി കേരള ജനതയെ വഞ്ചിച്ചു. ഇന്ന് കാര്‍ഷികോത്പന്നങ്ങള്‍ക്ക് വില കൂടിപ്പോയി എന്നു പറയുന്നവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വാങ്ങുന്ന ശമ്പളത്തിന് ആനുപാതികമായി വര്‍ദ്ധനവുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. ശമ്പളത്തന് ആനുപാതികമായി തൊഴിലാളിവേതനവും വര്‍ദ്ധിച്ചു. കര്‍ഷക തൊഴിലാളികളുടെ തൊഴിലവസരങ്ങളും നഷ്ടമായി. ഇതിനെല്ലാറ്റിനും ഒരേ ഒരു പരിഹാരം പഞ്ചഭൂതങ്ങളെ തിരിച്ചറിഞ്ഞ് പരിസ്ഥിതി മലിനീകരണം ഒഴിവാക്കണം. പക്ഷിമൃഗാദികളും, സസ്യലതാദികളും കുറയുമ്പോള്‍ വര്‍ദ്ധിക്കുന്ന മനുഷ്യര്‍ പ്രതിദിനം ഭക്ഷിക്കുന്ന 1250 ഗ്രാം ഭക്ഷണം മലമൂത്ര വിസര്‍ജ്യമായി ജൈവ പുന ചംക്രമണത്തിനായി മണ്ണിന് നല്‍കണം.  ഇല്ലെങ്കില്‍ ഇപ്പോള്‍ത്തന്നെ മലിനീമസമായ നമ്മുടെ ജല സ്രോതസിലെ ജലം കുടിക്കുവാന്‍ യോഗ്യമായിരിക്കില്ല. കോളിഫാം ബാക്ടീരിയയ്ക്ക് ഈര്‍പ്പത്തില്‍ പെറ്റ് പെരുകുവാനുള്ള ശേഷിയുണ്ട്. അതിനാല്‍ ഓരോ മനുഷ്യനും അവര്‍ ഉത്പാദിപ്പിക്കുന്ന ജൈവ മാലിന്യങ്ങള്‍ സംസ്കരിച്ച് വിസര്‍ജ്യം ഉള്‍പ്പെടെ കമ്പോസ്റ്റാക്കി ടെറസ്, യാര്‍ഡ്, തോട്ട കൃഷികള്‍ മെച്ചപ്പെടുത്താം. ആരോഗ്യ ദായകമായ ഭക്ഷണം കഴിക്കാം. മിച്ചം വരുന്നവ ഉയര്‍ന്ന വിലയ്ക് മറ്റുള്ളവര്‍ക്ക് നല്‍കാം.

നാളികേരകര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഏറെയാണ്. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത രോഗങ്ങള്‍ പടരുകയും തെങ്ങുകയറ്റക്കാരുടെ അഭാവവും ഉയര്‍ന്ന കൂലിയും അതിമൊരു നഷ്ടകൃഷിയാക്കി മാറ്റി. ഒരു കാലത്ത് പാംഓയിലിനേക്കാള്‍ ഇരട്ടിയില്‍ക്കൂടുതല്‍ വിലയുണ്ടായിരുന്ന വെളിച്ചെണ്ണ പല അവസരങ്ങളിലും പാംഓയിലിനേക്കാള്‍ താഴെയായ അവസ്ഥയാണു് ഉണ്ടായിട്ടുള്ളത്.


നമ്മുടെ വീടും പരിസരവും ശുചിത്വമുള്ളതാക്കുവാന്‍ കളനാശിനികളും കീടനാശിനികളും മറ്റും ഉപയോഗിക്കാതിരിക്കുക. സസ്യഭുക്കുകളായ കീടങ്ങളെ ഭക്ഷിക്കുവാന്‍ കഴിവുള്ള മാംസഭുക്കുകളായ മിത്രകീടങ്ങളെ നശിപ്പിക്കാതിരിക്കുക. മണ്ണിരകള്‍ മണ്ണില്‍ ലഭ്യമാകണമെങ്കില്‍ അതിന് നാം വഴിയൊരുക്കണം. സോപ്പു കലര്‍ന്ന കുളിമുറിയിലെ ജലം ഒഴിവാക്കി കക്കൂസ് വിസര്‍ജ്യവും കൂടി ഉള്‍പ്പെടുത്തി ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മ്മിച്ച് അതിലൂടെ ലഭിക്കുന്ന സ്ലറിയെ കട്ടിരൂപത്തിലാക്കി തുമ്പൂര്‍മൂഴി മോഡല്‍ എയറോബിക് ടെക്നിക്സിലൂടെ [ http://entegraamam.blogspot.in/2012/05/costeffective-aerobic-composting.html ] കമ്പോസ്റ്റാക്കി മാറ്റാം. അതിലൂടെ കോളിഫാം ബാക്ടീരിയ നിര്‍വ്വീര്യമാക്കാം, മീഥൈന്‍ വാകതം കത്തിച്ച് പാചക വാതകം, വൈദ്യതി ഉത്പാദനം, വാഹനം ഓടിക്കാനുള്ള ഇന്ധനം എന്നിവയായി മാറ്റാം. കിണറുകള്‍ കുഴിച്ച് ആ ജലം കുടിക്കുവാന്‍ യോഗ്യമാണെന്ന് ഉറപ്പു വരുത്തുകയും താഴ്ച കുറഞ്ഞ മറ്റൊരു കിണറ്റില്‍ താഴെയറ്റത്ത് കരി, മണല്‍ മുതലായവ ഇട്ട് മഴവെള്ളം സംഭരിച്ചാല്‍ കിണറ്റിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന ജലം ബാക്ടീരിയകളുടെ സഹായത്താല്‍ പ്യൂരിഫൈ ചെയ്യപ്പെടും. ഇതിലൂടെ ജലവിതരണത്തിനായി റോഡുകള്‍ കുളം തോണ്ടുന്നത് അവസാനിപ്പിക്കാം, ജലം പമ്പുചെയ്യുന്ന വൈദ്യുതിയുടെ അമിത ഉപയോഗം കുറയ്കാകം, ആരോഗ്യ ദായകമായ വെള്ളം ലഭ്യമാക്കാം മുതലായവ വലിയ നേട്ടങ്ങള്‍ തന്നെയാണ്.
Related Sites: Emerging Kerala | KELIKOTTU | പടവന്റെ പുറപ്പാട് | തിരയും ചുഴിയും | കേരള ശാസ്ത്ര.... | People's Forum... | FB Notes |

ബുധനാഴ്‌ച, മേയ് 23, 2012

വയലും വീടും - ആകാശവാണി കണ്ണൂര്‍ നിലയം

ഏകദേശം നാലര മിനിറ്റ് ദൈര്‍ഘ്യമുള്ള അവതരണം കേള്‍ക്കാം. റിക്കോര്‍ഡിംഗ് നിറുത്തേണ്ടി വന്നതിനാല്‍ ബാക്കി ലഭ്യമല്ല.

തിങ്കളാഴ്‌ച, മേയ് 14, 2012

സുഹൃത് സംഗമം മെയ് 26 ന് ആലപ്പുഴയില്‍

സുഹൃത്തുക്കളെ,
 സുഹൃത്ത് . കോം (ഇതില്‍ ഞെക്കി അംഗമാകാം) ന്റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചു നടത്തുന്ന മഹാ സംഗമം മേയ് 26 നു ആലപ്പുഴ അങ്കാസ് റെസിഡന്‍സിയില്‍ വച്ച് നടത്തുന്നു. അന്നേ ദിവസത്തെ ഉച്ച ഊണ്‍ ഉറ്റവര്‍ കൈ ഒഴിഞ്ഞു ശേഷിച്ച ജീവിതം ശാന്തി മന്ദിരത്തില്‍ ജീവിച്ചു തീര്‍ക്കുന്ന മാതാ പിതാക്കളുടെ കൂടെ. വരാന്‍ താത്പര്യം ഉള്ളവര്‍ മേയ് 20 നു മുമ്പ് പേരുകള്‍ രജിസ്റ്റര്‍ ചെയ്യുക.
സംഗമ സ്വാഗത സംഗത്തിന് മറ്റു സൌകര്യങ്ങള്‍ ഏര്‍പ്പാടാക്കാന്‍ തലേ ദിവസ്സം വരുന്ന ദൂര സ്ഥലങ്ങളില്‍ ഉള്ളവര്‍ / ഫാമിലി ഉള്ളവര്‍ പ്രത്യേകം അറിയിക്കുക.
പക്ഷെ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ അംഗമാകണം.
നിലവില്‍ 44753 അനോണിമസ് അല്ലാത്ത അംഗങ്ങളുള്ള സുഹൃത്ത്.കോം മൂന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ആലപ്പുഴയില്‍ മഹാ സംഗമം നടത്തുകയാണ്.
സംഗമം അതിഗംഭീരമായി നടത്തണം എന്നാണ് ഓരോ സുഹൃത്തുക്കളുടെയും ആഗ്രഹം. അതിലേക്കായി ചങ്ങലകളായി ആളുകളെ എത്തിക്കേണ്ടത് ഓരോ സുഹൃത്തുക്കളുടെയും കടമയാണ്. സംഗമം നടക്കുന്ന ആലപ്പുഴ ജില്ലയില്‍ അങ്കാസ് റെസിഡന്‍സിയില്‍ നമുക്കായി സ്ഥല സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഒരു ദിവസത്തേക്ക് ഏകദേശം മൂവ്വായിരം (3000) രൂപയാണ് അങ്കാസ് റെസിഡന്‍സിയില്‍ ഫീസായി വാങ്ങിക്കുന്നത്. ഈ തുക സംഗമത്തിന് വരുന്നവരില്‍ നിന്നാണ് കളക്ട്  ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
കൂടാതെ ആലപ്പുഴ കായലിലൂടെ ബോട്ടില്‍ ഒരു ഉല്ലാസ യാത്ര നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ആ ഉല്ലാസ യാത്രയ്ക്ക് വരുന്ന ചിലവും സംഗമത്തിന് വരുന്നവരില്‍ നിന്നാണ് കളക്ട്  ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
 ബോട്ടിന് മണിക്കൂറിനു ഏകദേശം അഞ്ഞൂറ് (500) രൂപയാണ് ചെലവ് വരുന്നത്.. മൂന്നോ നാലോ മണിക്കൂര്‍ ബോട്ടില്‍ യാത്ര ചെയ്യാം. അതിനനുസരിച്ചുള്ള ചെലവ് സംഗമത്തിന് വരുന്നവര്‍ വീതിച്ചെടുക്കണം.
"വൃദ്ധരായ മാതാപിതാക്കള്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കാന്‍ നാം തീരുമാനിച്ചിട്ടുണ്ട്. അവരുടെ കൂടെ ആയിരിക്കും 2012 മേയ് 26നു പങ്കെടുക്കുന്നവരുടെ ഭക്ഷണവും. ഈ ഭക്ഷണം നല്‍കുന്നതിനും അതിന്റേതായ ചെലവ് വരുന്നുണ്ട്. അതിനും തുക കണ്ടെതെണ്ടിയിരിക്കുന്നു. സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത സുഹൃത്തുക്കളുടെ സന്മനസാല്‍ പങ്കെടുക്കാത്തവര്‍ നല്‍കുന്ന തുക മുഴുവനും ആയിനത്തിലേക്ക് മാറ്റി വെയ്ക്കാന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും. മറ്റു സ്ഥലത്ത് നിന്നും ലഭിക്കുന്ന സംഗമത്തില്‍ പങ്കെടുക്കാത്തവരുടെ കയ്യില്‍ നിന്നും പിരിച്ചു കിട്ടുന്ന തുക മുഴുവനും അവരുടെ ഭക്ഷണത്തിന് വേണ്ടി മാത്രമേ ചിലവഴിക്കുകയുള്ളൂ. ബാലന്‍സ് വരുന്ന സംഖ്യ സുഹൃത്തുമായി ബന്ധപ്പെട്ട മറ്റു സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ്."
സംഗമ ചിലവിലേക്കായി ഒരാള്‍ക്ക് മുന്നൂറ് രൂപ (300) യാണ് ഏകദേശം ചിലവായി കണക്കാക്കിയിരിക്കുന്നത്.

ചൊവ്വാഴ്ച, മാർച്ച് 27, 2012

നോക്കുകൂലി ചോദിച്ചാല്‍ കൊള്ളയ്ക്ക് കേസ്‌



തിരുവനന്തപുരം: നോക്കുകൂലിക്കായി ഭീഷണിപ്പെടുത്തിയാല്‍ കൊള്ളയ്ക്ക് കേസ്സെടുക്കുമെന്ന് പോലീസ്. നോക്കുകൂലി ആവശ്യപ്പെടുന്നവരില്‍ നിന്ന് പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കാനും പോലീസ് തീരുമാനിച്ചു. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ തിങ്കളാഴ്ച ഡി.ജി.പി പുറത്തിറക്കി.

നോക്കുകൂലി ആവശ്യപ്പെടുന്നത് പൗരാവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്.ഈ നടപടികള്‍ക്ക് സഹായം നല്‍കേണ്ട ബാധ്യത പോലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ട്.
നോക്കുകൂലിക്കായി ഭീഷണിപ്പെടുത്തുന്നതായി അറിഞ്ഞാല്‍ സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ സംഭവ സ്ഥലത്തെത്തണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ പോലീസ് സ്വമേധയാ കേസ്സെടുക്കണം. പിടിച്ചുപറിക്കുക, ഭീഷണിപ്പെടുത്തുക, നിയമവിരുദ്ധമായി സംഘം ചേരുക തുടങ്ങിയ വകുപ്പുകള്‍ നോക്കുകൂലിക്കാര്‍ക്കെതിരെ പ്രയോഗിക്കണം. നോക്കുകൂലി ആവശ്യപ്പെട്ട് തൊഴിലാളികള്‍ പൊതുജനങ്ങളെയോ കമ്പനി ഉടമസ്ഥരെയോ മാനസികമായി പീഡിപ്പിക്കുന്നതായി അറിഞ്ഞാല്‍ കൊള്ളയ്ക്ക് കേസ്സെടുക്കണം. അത്തരം സംഭവങ്ങളില്‍ പൊതുജനങ്ങള്‍ക്കും സ്വകാര്യകമ്പനികള്‍ക്കുമെല്ലാം പോലീസ് സംരക്ഷണം നല്‍കണം.
അംഗീകൃത ട്രേഡ് യൂണിയന്‍ അംഗങ്ങള്‍ ഉള്‍പ്പെട്ട കേസാണെങ്കില്‍, മേല്‍പ്പറഞ്ഞ നടപടിക്കു പുറമെ ലേബര്‍ ഓഫീസറെ അറിയിക്കുകയും വേണം.

നോക്കുകൂലി ആവശ്യപ്പെടുന്ന കേസുകളെക്കുറിച്ച് ഓരോ മാസവും ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. ജില്ലാ പോലീസ് ഓഫീസര്‍മാര്‍ ഈ റിപ്പോര്‍ട്ട് പോലീസ് ആസ്ഥാനത്തേയ്ക്ക് അയക്കണമെന്നും ഡി.ജി.പിയുടെ സര്‍ക്കുലറില്‍ പറയുന്നു.
കടപ്പാട് - മാതൃഭൂമി

ബുധനാഴ്‌ച, ഫെബ്രുവരി 15, 2012

എയറോബിക് കമ്പോസ്റ്റിംഗ് ലളിതം സുരക്ഷിതം

ഞാനും തുടക്കം കുറിച്ചു പറഞ്ഞും വായിച്ചും കേട്ടും ഉള്ള അറിവുകള്‍ വെച്ചുകൊണ്ട് ജൈവമാലിന്യ സംസ്കരണം സ്വന്തം പുരയിടത്തില്‍. തിരുവനന്തപുരം നഗരസഭയ്ക്ക് അനുകരിക്കാന്‍ കഴിയുന്ന, കുടുംബശ്രീ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ സംസ്കരിച്ചെടുക്കുവാന്‍ കഴിയുന്ന ദുര്‍ഗന്ധ രഹിതമായ തുമ്പൂര്‍മൂഴി മോഡല്‍ എയരോബിക് കമ്പോസ്റ്റിംഗ്. വലിയ ചെലവില്ലാതെ കട്ടിയായ സ്ലറി ഉപയോഗിച്ച് നമുക്ക് കമ്പോസ്റ്റ് നിര്‍മ്മിക്കാം. കക്കൂസ് വിസര്‍ജ്യം നദികളിലും മറ്റ് ജല സ്രോതസ്സുകളിലും മലിനപ്പെടുത്തുവാന്‍ അവസരമൊരുക്കാതെ ബയോഗ്യാസായി കത്തിച്ച് മീഥൈന്‍ എമല്‍ഷന്‍ ഒഴിവാക്കാം. കട്ടിയായ സ്ലറികൊണ്ട് ബയോഗ്യാസ് പ്ലാന്റില്‍ സംസ്കരിച്ചെടുക്കാന്‍ കഴിയാത്ത മീന്‍മുള്ള്, കോഴിയിറച്ചിവേസ്റ്റ്, ഓലപോലുള്ള ചപ്പുചവറുകള്‍ എന്നിവ നമുക്ക് സംസ്കരിക്കാം. സമൂഹ സംസ്കരണത്തിലെ പാളിച്ച നാം വിളപ്പില്‍ശാലയില്‍ കണ്ടതാണ്. ഉറവിടങ്ങളില്‍ത്തന്നെ മാലിന്യ സംസ്കരണം നടപ്പിലാക്കുന്നതിലൂടെ ഒരു നാട് രക്ഷപ്പെടും വരും തലമുറയും രക്ഷപ്പെടും. എയറോബിക് കമ്പോസ്റ്റിംഗിനെക്കുറിച്ച് ശ്രീ കെ. ജയകുമാര്‍ ഐ.എ.എസ് അവര്‍കള്‍ മുമ്പാകെ ദൂര്‍ദര്‍ശന്‍ പരിപാടിയായ കൃഷിദര്‍ശനില്‍ (15-02-2012) അവതരിപ്പിക്കുകയുണ്ടായി.
താഴെ കാണുന്ന കോര്‍പ്പറേഷന്റെ ഉപദേശകസമിതിയുടെ ശ്രദ്ധയ്ക്ക്.
7. Water Supply and Sanitation
Chairman
Shri. Padmanabhan Nair, Rtd. Chief Engineer, Kerala Water Authority,
Keerthanam, MGRA 105, TKD Road, Pattom, Thiruvananthapuram
Convenor
Executive Engineer, P H Division, Kerala Water Authority,
Vellayambalam, Thiruvananthapuram

Members

    * Dr. Babu Ambatt, Sanitation Mission Centre, Environment Development, Thozhuvancode, Vattiyoorkavu P O
    * Prof. R.V.G. Menon, Haritha, Kesavadev Road, Poojappura, Thiruvananthapuram
    * Dr. Ajayakumar Varma, Head Environment Science Division, Centre for Earth Science Studies
    * Dr. K.R. Leelamma Ittiyamma, Prof. & Head of Community Medicine, Medical College Hospital, Thiruvananthapuram
    * Smt. Geena Prasad, Environment Engineer, Project Implementation Unit, Thiruvananthapuram Corporation
    * Shri. Dileep Kumar, Environment Engineer, kerala State Polution Control Board, Plamoodu, Pattom, Thiruvananthapuram-4
    * Assistant Executive Engineer, Central Sub Division (Water Supply), Vellayambalam, Thiruvananthapuram
    * Assistant Executive Engineer, Thiruvananthapuram Corporation
    * ADC (Social Mobilisation), Plamoodu, Pattom P O, Thiruvananthapuram
    * Health Officer, Thiruvananthapuram Corporation
Ref: http://www.corporationoftrivandrum.in/technical-advisory-group
കോര്‍പ്പറേഷന്‍ മേയര്‍ക്ക് ഉപദേശക സമിതി കൊടുക്കുന്ന നിര്‍ദ്ദേശം അനുസരിക്കുകയാണ് മാലിന്യ സംസ്കരണത്തില്‍ ഏക പോംവഴി എന്നതല്ലെ ശരി? വിളപ്പില്‍ശാല പ്രശ്നത്തില്‍  മുകളില്‍ കാണുന്ന ഉപദേശകസമിതിയിലെ അംഗങ്ങളുടെ വ്യക്തമായ അഭിപ്രായം അറിയാന്‍ ആഗ്രഹം ഉണ്ട്. കോര്‍പ്പറേഷന്‍ വാസികളും വിളപ്പില്‍ പഞ്ചായത്ത് വാസികളും തമ്മിലുള്ള പോരാട്ടമായി കാണാതെ ഒരു ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിയില്ലെ?  കോര്‍പ്പറേഷന്‍ പറയുന്നു എല്ലാം വിളപ്പില്‍ശാലയില്‍ കൊണ്ടിടണമെന്ന്. സംസ്ഥാന സര്‍ക്കാരിന്റെ പോലീസും  കോടതിയും  കോര്‍പ്പറേഷന് സംരക്ഷണം നല്‍കുന്നു അല്ലെങ്കില്‍ സംരക്ഷണം നല്‍കുന്നതായി അഭിനയിക്കുന്നു. ലക്ഷ്യം മറ്റൊന്നാണ് എന്നത് വ്യക്തം. Truck loaded Incinerator ഇതിന്റെ പിന്നിലെ രഹസ്യം എന്താണ്?